Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ലോസ് ആഞ്ചലസ്: 1959ൽ ഇറാനിലെ ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെയും ഫറാ ദിബയുടെയും വിവാഹത്തിലെ ഒരു രാജകീയ വിവാഹ ഗാനത്തിൽ നിന്നാണ് ഗെയിം ഓഫ് ത്രോൺസ് തീം സോങ്ങിന് പ്രചോദനമായതെന്ന് ഒരു പുതിയ ഓൺലൈൻ സിദ്ധാന്തം സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയിലെ മെലഡിയിലെ സമാനതകളാണ് ഇതിന് തെളിവായി പറയുന്നത്. റാമിൻ ജവാദി എന്ന സംഗീത സംവിധായകനാണ് ഗെയിം ഓഫ് ത്രോൺസിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.
എന്നാൽ തീം സോങ് ഇറാനിൽ നിന്ന് പ്രചോദന ഉൾക്കൊണ്ടതാണ് എന്നതിന് സ്ഥിരീകരിച്ച തെളിവുകളൊന്നുമില്ല. മാത്രമല്ല സംഗീത സംവിധായകൻ അതുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടുമില്ല. എങ്കിലും ഈ അവകാശവാദം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റാമിൻ ജവാദിയുടെ ഗെയിം ഓഫ് ത്രോൺസ് തീം സോങ് പരമ്പരയുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്നു.
അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' എന്ന നോവൽ പരമ്പരയെ ആസ്പദമാക്കി എച്ച്ബിഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' പരമ്പരയിലെ ആദ്യ നോവലിന്റെ പേരും 'ഗെയിം ഓഫ് ത്രോൺസ്' എന്നായിരുന്നു. 2011ലാണ് സീരിസ് ഇറങ്ങിയത്. എട്ട് സീസണുകളിലായി 73 എപ്പിസോഡുകളാണ് പരമ്പരയിൽ സംപ്രേക്ഷണം ചെയ്തത്. 2019 മെയ് 19-ന് സമാപിച്ചു.