Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മുംബൈ: വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള തിയതിയും വേണമെന്ന് ബോളിവുഡ് നടി കജോള്‍. ആമസോണ്‍ പ്രൈമില്‍ ആരംഭിച്ച 'ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍' എന്ന ഷോയിലാണ് കാജോളിന്റെ പരാമർശം. വിക്കി കൗശലും കൃതി സനോണും അതിഥികളായെത്തിയ ഷോയുടെ പുതിയ എപ്പിസോഡിലാണ് കജോൾ വിവാഹത്തെ കുറിച്ച് സംസാരിക്കുന്നത്.
വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള തിയതിയും വേണ്ടേ എന്ന ചോദ്യത്തോട് അതിഥികൾ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സഹ അവതാരകയായ കജോള്‍ അനുകൂലിക്കുകയായിരുന്നു. 'നിങ്ങള്‍ ശരിയായ സമയത്ത്, ശരിയായ ആളെ തന്നെയാണ് വിവാഹം ചെയ്തത് എന്നതിന് എന്താണ് ഉറപ്പ്? വിവാഹബന്ധം പുതുക്കുന്നതിനുള്ള അവസരമുണ്ടാകുന്നത് വളരെ നല്ലതാണ്.' കജോൾ പറഞ്ഞു. 'വിവാഹത്തിന് കാലപരിധി ഉണ്ടെങ്കില്‍ ആര്‍ക്കും അധികകാലം സഹിക്കേണ്ടിവരില്ല.' കജോൾ കൂട്ടിച്ചേർത്തു.
ബോളിവുഡ് താരങ്ങളായ കാജോളും ട്വിങ്കിളും വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ സെലിബ്രിറ്റികളെ ക്ഷണിക്കുന്ന പരിപാടിയാണ് 'ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍'. സെലിബ്രിറ്റി അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്ത്രീ കാഴ്ചപ്പാടിലൂടെ ജീവിതം, പ്രശസ്തി, സമൂഹം എന്നിവയെക്കുറിച്ചുള്ള നർമവും തുറന്ന സംഭാഷണങ്ങളും സംയോജിപ്പിക്കുന്ന ഒരു ടോക്ക് ഷോയാണിത്.