Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കണ്ണൂർ: നടൻ മമ്മൂട്ടിക്ക് വേണ്ടി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പൊന്നിൻ കുടം വഴിപാട് നടത്തിയത്. മമ്മൂട്ടിക്കു വേണ്ടി ഉത്രം നക്ഷത്രത്തിലാണ് വഴിപാട് കഴിപ്പിച്ചത്.
രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പൊന്നും കുടം വച്ച് തൊഴൽ. കഴിഞ്ഞ ജൂലായ് മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വെച്ച് തൊഴുതിരുന്നു. കൂടാതെ ജയലളിത, യദിയൂരപ്പ തുടങ്ങി നിരവധി പ്രമുഖർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൽ കുടം സമർപ്പിച്ചിരുന്നു. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി ആദരിച്ചു.
മഹേഷ് നാരായണൻ ചിത്രമായ 'പാട്രിയറ്റ്'ന്റെ ലണ്ടൻ ഷെഡ്യൂൾ പൂർത്തിയാക്കിയ മമ്മൂട്ടി 'മാർക്കോ' നിർമാതാവ് ഷരീഫ് മുഹമ്മദുമായി ചേർന്ന് ഒരു പുതിയ സംരംഭത്തിന് ഒരുങ്ങുകയാണ്. മുമ്പ് അവതരിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തിലായിരിക്കും മമ്മൂട്ടി പ്രത്യക്ഷപ്പെടുക എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.