ബിഎൽഎമിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി തള്ളി
21 വർഷമായി പ്രവർത്തിക്കുന്ന ബിഎൽഎം ദക്ഷിണേന്ത്യയിലെ പ്രമുഖ മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലൊന്നാണ്
എറണാകുളം: ബിഎൽഎം മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളി. പ്രഥമദൃഷ്ട്യാ നിലനിൽക്കാവുന്ന നിയമപരമായ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയാണ് കോടതി ഹരജി തള്ളിയത്.
മലപ്പുറം തിരൂർ സ്വദേശിയായ അനൂപ് 2025 മാർച്ചിൽ അംഗത്വം നേടിയ ദിവസങ്ങൾക്കകം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), കേന്ദ്ര ധനമന്ത്രാലയം, സിബിഡിടി (CBDT) തുടങ്ങിയ ഏജൻസികളെയും കക്ഷികളാക്കി ഹർജി വിപുലീകരിക്കുകയും ചെയ്തു.
എന്നാൽ, നിയമപ്രകാരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും, ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ വ്യക്തമായ തെളിവുകളില്ലാത്ത പൊതുവായ ആരോപണങ്ങളും അനുമാനങ്ങളും മാത്രമാണെന്നും കോടതി വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഹർജി തള്ളിയത്.
അംഗങ്ങൾക്കിടയിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിച്ച് പുതിയ നിക്ഷേപങ്ങൾ തടസ്സപ്പെടുത്തുകയും ബിഎൽഎമിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമനടപടികൾ ആസൂത്രണം ചെയ്തതെന്ന് ബിഎൽഎം ഫൗണ്ടറും ചെയർമാനുമായ ആർ പ്രേംകുമാർ പറഞ്ഞു. എന്നാൽ ഹൈക്കോടതിയുടെ വിധിയോടെ ആ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
21 വർഷമായി പ്രവർത്തിക്കുന്ന ബിഎൽഎം ദക്ഷിണേന്ത്യയിലെ പ്രമുഖ മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലൊന്നാണ്. അംഗങ്ങൾക്ക് നിക്ഷേപങ്ങൾക്ക് ലാഭവിഹിതത്തോടൊപ്പം ബോണസ്, ഇൻഷുറൻസ് പരിരക്ഷ, പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. കേരളത്തിൽ സ്വീകരിച്ച നിക്ഷേപത്തേക്കാൾ കൂടുതലായ ആസ്തി സൊസൈറ്റിക്കുണ്ടെന്ന കാര്യം കോടതിയിൽ വ്യക്തമാക്കാൻ സൊസൈറ്റിക്ക് കഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഇതിന് മുമ്പും സമാന ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച ഹർജികളിൽ പരാതികൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ കോടതി ഹർജികൾ തള്ളിയിട്ടുണ്ടെന്നും, ഒരു കേസിൽ പരാതിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നുവെന്നും സൊസൈറ്റി പറഞ്ഞു.
അടിമാലി, കാഞ്ഞാർ, തൊടുപുഴ, നെടുങ്കണ്ടം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളും റദ്ദാക്കിയിരുന്നു. പരാതികൾക്ക് അടിസ്ഥാനമില്ലെന്നും ആരോപിക്കപ്പെട്ട സംഭവങ്ങൾ നടന്നിട്ടില്ലെന്നും വ്യക്തമാക്കിയ പോലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസുകൾ റദ്ദാക്കിയത്. എന്നിട്ടും റദ്ദാക്കിയ കേസുകൾ വീണ്ടും ഉയർത്തിക്കാട്ടി അംഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും സൊസൈറ്റി ആരോപിച്ചു.
വ്യാജപരാതികളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും പ്രചരിപ്പിച്ച് അംഗങ്ങളുടെ വിശ്വാസം തകർക്കാനും, സൊസൈറ്റിയിലേക്കുള്ള നിക്ഷേപങ്ങളുടെ ഒഴുക്ക് തടയാനും ചിലർ സംഘടിതമായി ശ്രമിക്കുന്നുവെന്ന് സൊസൈറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപിച്ചു. എന്നാൽ സത്യവും നിയമവും ഒടുവിൽ വിജയിക്കുമെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ ഹൈക്കോടതി വിധി. ബിഎൽഎമിന്റെ പ്രവർത്തനങ്ങൾ നിയമാനുസൃതവും സുതാര്യവുമാണ്. ഏത് നിയമപരമായ അന്വേഷണത്തെയും ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്ന് ബിഎൽഎം ചീഫ് ഓപ്പറേറ്റിങഅ ഓഫീസർ വിപി സൈദലവി പറഞ്ഞു.
തൃശ്ശൂരിലെ രാഗം തിയേറ്റർ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹർജിയും പിന്നീട് പരാതിക്കാരൻ പിൻവലിച്ചതായും സൊസൈറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
കേസിൽ സൊസൈറ്റിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ആസിഫ് അലി, ഷിഹാബുദ്ദീൻ ടി, ഷജിൻ ഹമീദ് എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.