അദാനിയുടെ എയര്‍ലൈന്‍ വരും ?; നിയമം മാറ്റാനൊരുങ്ങി കേന്ദ്രം
നിലവില്‍ വ്യോമയാനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നത്. ഇതിന് നിയമന്ത്രാലയത്തിന്‍േറയും കാബിനറ്റിന്‍േറയും അനുമതി വേണ്ടി വരും
ന്യൂഡല്‍ഹി: അദാനി, ജിഎംആര്‍ ഗ്രൂപ്പുകള്‍ക്ക് എയര്‍ലൈന്‍ സര്‍വീസ് നടത്താനായി ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് എയര്‍ലൈന്‍ സര്‍വീസ് നടത്താന്‍ അധികാരമില്ല. ഈ ചട്ടത്തിലെ ഭേദഗതിക്കാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ദേശീയ മാധ്യമങ്ങളാണ് കേന്ദ്രസര്‍ക്കാറിന്റെ നയം മാറ്റത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ വ്യോമയാനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നത്. ഇതിന് നിയമന്ത്രാലയത്തിന്‍േറയും കാബിനറ്റിന്‍േറയും അനുമതി വേണ്ടി വരും. നിലവില്‍ മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളുടെ നടത്തിപ്പുകാര്‍ക്ക് എയര്‍ലൈനില്‍ പത്ത് ശതമാനത്തിലധികം ഓഹരി പങ്കാളിത്തം പാടില്ല. ഈ നിയമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തും. ഇതോടെ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ അദാനിക്കും ജിഎംആറിനും എയര്‍ലൈന്‍ തുടങ്ങാന്‍ സാധിക്കും.
ഇന്ത്യന്‍ വ്യോമയാനമേഖലയില്‍ ഇപ്പോള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ആഭ്യന്തര വിമാനസര്‍വീസുകളില്‍ 90 ശതമാനവും ഈ രണ്ട് കമ്പനികളുടെ കൈയിലാണ്. വ്യോമയാന മേഖലയിലെ ഈ രണ്ട് കമ്പനികളുടെ ആധിപത്യം കൂടി പൊളിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
ഇതിനൊപ്പം ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍ എന്നിവ സര്‍വീസ് നിര്‍ത്തിയത് മൂലമുള്ള പ്രതിസന്ധിയുമുണ്ട്. ഇതൊക്കെ മറികടക്കാന്‍ പുതിയ നീക്കത്തിന് കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2047 ഓടെ രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെ എണ്ണം 350 ആക്കി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാറിന് ഇത്രത്തോളം വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്താന്‍ കൂടുതല്‍ വിമാനകമ്പനികളും ആവശ്യമായി വരും.