എണ്ണ വീണ്ടും 100ലേക്ക്; ഇന്ത്യയില്‍ ആശങ്ക

96 ഡോളറിലാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 1.76 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം.

Update: 2026-07-23 04:23 GMT

വാഷിങ്ടണ്‍: രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും 100 ഡോളറിലേക്ക് അടക്കുന്നു. 96 ഡോളറിലാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 1.76 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം. ഡബ്യുടിഐ ക്രൂഡ് 1.41 ശതമാനം നേട്ടത്തിലാണ് വ്യപാരം പുരോഗമിക്കുന്നത്. 88 ഡോളറാണ് ഡബ്യുടിഐ ക്രൂഡിന്റെ വില.

യുഎസ് ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി 12-ാം രാത്രിയും ആക്രമണം നടത്തിയതും ഒപ്പം ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ ചെങ്കടലിലെ എണ്ണ കപ്പലുകള്‍ക്കെതിരെ ഭീഷണി ശക്തമാക്കിയതും എണ്ണവില കുതിക്കാന്‍ കാരണമായി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവന പ്രകാരം ബുധനാഴ്ച വൈകീട്ട് യുഎസ് ഇറാനെതിരെ പുതിയ ആക്രമണ പരമ്പര ആരംഭിച്ചു. വാണിജ്യ കപ്പലുകള്‍ക്കും യാത്രക്കാര്‍ക്കും ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസ്താവിച്ചു.

Advertising
Advertising

ഹോര്‍മുസിലെത്തിയ രണ്ട് കപ്പലുകള്‍ തിരിച്ചുപോയെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയില്ലെന്നും ഇറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഹൂതികള്‍ സൗദി എണ്ണ കപ്പലുകള്‍ക്കെതിരെ ആക്രമണം ശക്തമാക്കി. രണ്ട് സൗദി ടാങ്കറുകളെ ലക്ഷ്യമിട്ടതായി അവകാശപ്പെട്ടു. ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഒന്‍പതിലധികം കപ്പലുകള്‍ ബാബ് എല്‍-മന്‍ഡെബില്‍ നിന്ന് തിരിച്ചുപോകാന്‍ ഹൂതികള്‍ നിര്‍ബന്ധിതരാക്കിയെന്ന് അവകാശപ്പെടുന്നു

അതേസമയം, ഇന്ത്യയിലും എണ്ണവില വര്‍ധന വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഇറാന്‍ യുദ്ധം കാരണം 75,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാറിനെ അറിയിക്കുകയും ചെയ്തു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതിന് നഷ്ടപരിഹാരം നല്‍കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് എണ്ണക്കമ്പനികള്‍ അറിയിച്ചത്. വില വീണ്ടും ഉയരുന്നതിനിടെയായിരുന്നു എണ്ണകമ്പനികളുടെ അവകാശവാദം. ഇനിയും എണ്ണവില ഉയര്‍ന്നാല്‍ അത് പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് ഇടയാക്കിയേക്കും.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News