സിൽവർസ്റ്റോം ഐ.പി.ഒ. ജൂലായ് 24 മുതൽ; 82.43 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം
ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ജൂലായ് 23-നാണ്
തൃശ്ശൂർ: പ്രമുഖ വിനോദസഞ്ചാര-തീംപാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) ജൂലായ് 24-ന് ആരംഭിക്കും. 82.43 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് ഐ.പി.ഒ. വഴി വിറ്റഴിക്കുക.
10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 123-133 രൂപ നിലവാരത്തിലാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ഓഹരി വിൽപ്പന ജൂലായ് 28-ന് അവസാനിക്കും. ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ.) എസ്.എം.ഇ. പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും. ജൂലായ് 31-നാണ് ലിസ്റ്റിങ്.
ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ജൂലായ് 23-നാണ്. ഐ.പി.ഒ.യിലൂടെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന മൊത്തം ഓഹരികളിൽ 17.61 ലക്ഷം ഓഹരികൾ വരെയാണ് ഇവർക്കായി വകയിരുത്തിയിരിക്കുന്നത്. ആങ്കർ ഒഴികെയുള്ള നിക്ഷേപക സ്ഥാപനങ്ങൾക്കായി 11.76 ലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി 8.88 ലക്ഷം ഓഹരികളും വ്യക്തിഗത റീട്ടെയിൽ നിക്ഷേപകർക്കായി കുറഞ്ഞത് 20.62 ലക്ഷം ഓഹരികളുമാണ് ലഭിക്കുക. ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 2,000 ഓഹരികളാണ്. തുടർന്ന്, 1,000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുക ലഖ്നൗവിലെ സ്നോ പാർക്ക്, ഫാമിലി എന്റർടൈൻമെന്റ് സെന്റർ എന്നിവയുടെ നിർമാണം, കേരളത്തിൽ അതിരപ്പിള്ളിയിലുള്ള തീംപാർക്കിന്റെ വികസനവും നവീകരണവും എന്നിവയ്ക്കായാണ് പ്രധാനമായും വിനിയോഗിക്കുക. ഒപ്പം, പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
വിവ്റോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐ.പി.ഒ.യുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ. എം.യു.എഫ്.ജി. ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.
രണ്ടരപ്പതിറ്റാണ്ടിന്റെ കരുത്ത്
രണ്ടരപ്പതിറ്റാണ്ടിലേറെക്കാലം കൊണ്ട് അതിരപ്പിള്ളിയിലെ സിൽവർസ്റ്റോം മികച്ചൊരു വിനോദസഞ്ചാര ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ടെന്നും ജാംഷഡ്പൂരിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സിന്റെ മാനേജിങ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു. ബിസിനസ് വിപുലീകരിക്കാനും പുതിയ ആകർഷണങ്ങൾ കൂട്ടിച്ചേർക്കാനും ഐ.പി.ഒ. വഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിരപ്പിള്ളിയിലും ജാംഷഡ്പൂരിലും 'സിൽവർ സ്റ്റോം', 'സ്നോ സ്റ്റോം' എന്നീ ബ്രാൻഡുകളിൽ തീംപാർക്കുകളും റിസോർട്ടുകളും പ്രവർത്തിപ്പിക്കുന്ന മുൻനിര വിനോദസഞ്ചാര സ്ഥാപനമാണ് സിൽവർസ്റ്റോം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള ടൂറിസം കേന്ദ്രം ആഭ്യന്തര വിനോദസഞ്ചാരികളുടെയും, വിദ്യാഭ്യാസ-കോർപ്പറേറ്റ് ഗ്രൂപ്പുകളുടെയും, കുടുംബസഞ്ചാരികളുടെയും ഇഷ്ട ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. അമ്യൂസ്മെന്റ് - വാട്ടർ പാർക്ക്, ഇൻഡോർ സ്നോപാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയോടൊപ്പം കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് എന്നിവയും ഈ ഓണത്തോടുകൂടി സന്ദർശകർക്ക് തുറന്നുകൊടുക്കും. ഇത്രയും വിനോദ സവിശേഷതകൾ ഒരു ഡെസ്റ്റിനേഷനിൽ ലഭ്യമാകുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്.
2025 ഒക്ടോബറിലാണ് ജാംഷഡ്പൂരിൽ ഇൻഡോർ സ്നോപാർക്ക് കമ്പനി ആരംഭിച്ചത്. ലഖ്നൗവിലെ ഒമാക്സ് ഹസ്രത്ഗഞ്ച് മാളിൽ പുതിയ സ്നോപാർക്കും വിനോദകേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.
2025-26 സാമ്പത്തികവർഷം കമ്പനിയുടെ മൊത്തം വരുമാനം 44.85 കോടി രൂപയും അറ്റാദായം 19.10 കോടി രൂപയുമാണ്. തൊട്ടുമുൻവർഷം ഇത് യഥാക്രമം 31.64 കോടിയും 9.71 കോടി രൂപയുമായിരുന്നു.
തൃശൂർ പേൾ റീജൻസിയിൽ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ മാനേജിങ് ഡയറക്ടർ - ഷാലിമാർ എ.ഐ, ചെയർമാൻ - അബ്ദുൽ ജലീൽ, പ്രൊമോട്ടർ - സിറാജ് വി.എ, സ്വതന്ത്ര ഡയറക്ടർ - കെ. അരവിന്ദാക്ഷൻ, സി.എഫ്.ഒ - കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9188905079