ടിപ്പിന് പകരം കിട്ടിയ ലോട്ടറി ടിക്കറ്റ്… ജീവിതം തന്നെ മാറി! 30 ലക്ഷം ഡോളറിന്റെ ഭാഗ്യം കാത്തിരുന്ന വെയിറ്റ്രസിന്റെ യഥാർത്ഥ കഥ
ടിപ്പ് നൽകാൻ പണമില്ലെന്ന് പറഞ്ഞ സ്ഥിരം കസ്റ്റമർ; വർഷങ്ങൾക്കിപ്പുറം ഹോളിവുഡ് സിനിമയായ അപൂർവ ജീവിതകഥ
ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന വെയിറ്റ്രസിന് ടിപ്പായി പണം നൽകുന്നതിനുപകരം ഒരു ലോട്ടറി ടിക്കറ്റിന്റെ പങ്ക് നൽകാമെന്ന് ഒരു സ്ഥിരം കസ്റ്റമർ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതും ആ ടിക്കറ്റിന് കോടികളുടെ സമ്മാനം ലഭിച്ചാൽ?
1984-ൽ അമേരിക്കയിലെ ന്യൂയോർക്കിലെ യോങ്കേഴ്സിലുള്ള ഒരു പിസ റെസ്റ്റോറന്റിൽ നടന്ന ഈ സംഭവം ഇന്നും ലോകത്തിലെ ഏറ്റവും വിചിത്രവും പ്രചോദനാത്മകവുമായ ലോട്ടറി കഥകളിലൊന്നായി പറയപ്പെടുന്നു.
24 വർഷമായി Sal’s Pizzeria-യിൽ വെയിറ്റ്രസായി ജോലി ചെയ്തിരുന്ന ഫില്ലിസ് പെൻസോയുടെ ജീവിതം മാറ്റിമറിച്ചത് സ്ഥിരം കസ്റ്റമറായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ റോബർട്ട് കന്നിംഗ്ഹാം ആയിരുന്നു. ഒരു ദിവസം ടിപ്പ് നൽകാൻ പണം ഇല്ലാതിരുന്നതിനാൽ, പകരം ലോട്ടറി ടിക്കറ്റിൽ മൂന്ന് നമ്പറുകൾ തിരഞ്ഞെടുക്കാൻ ഫില്ലിസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ബാക്കിയുള്ള മൂന്ന് നമ്പറുകൾ അദ്ദേഹം തന്നെ തിരഞ്ഞെടുത്തു. “സമ്മാനം ലഭിച്ചാൽ പകുതി നിനക്കുള്ളത്” എന്നായിരുന്നു വാക്ക്.
എന്നാൽ ഫില്ലിസ് അത് പിന്നീട് മറന്നുപോയി.
അടുത്ത ദിവസം റോബർട്ട് വീണ്ടും റെസ്റ്റോറന്റിലെത്തി. കൈയിൽ ഉണ്ടായിരുന്നത് 6 മില്യൺ ഡോളർ (അന്നത്തെ മൂല്യം) സമ്മാനം നേടിയ ലോട്ടറി ടിക്കറ്റായിരുന്നു. വാക്ക് പാലിച്ച അദ്ദേഹം സമ്മാനത്തുക തുല്യമായി പങ്കിട്ടു. അങ്ങനെ ഫില്ലിസിന് ലഭിച്ചത് 3 മില്യൺ ഡോളറിന്റെ അപ്രതീക്ഷിത ഭാഗ്യം.
ആ കാലത്ത് ഈ തുക 20 വർഷംകൊണ്ട് വാർഷിക ഗഡുക്കളായി ലഭിക്കുന്ന രീതിയിലായിരുന്നു. നികുതി കുറച്ചതിന് ശേഷം ഓരോ വർഷവും ഇരുവർക്കും ഗണ്യമായ തുക ലഭിച്ചു.
എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റൊന്നായിരുന്നു. കോടീശ്വരിയായിട്ടും ഫില്ലിസ് ജോലി ഉപേക്ഷിച്ചില്ല. തന്റെ സ്ഥിരം കസ്റ്റമർമാരെയും ജോലിയെയും താൻ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ അവർ മൂന്ന് വർഷത്തോളം അതേ റെസ്റ്റോറന്റിൽ ജോലി തുടർന്നു.
പിന്നീട് കുടുംബത്തിനായി വീട് വാങ്ങുകയും ഹവായ് സന്ദർശിക്കുകയും കൊച്ചുമക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തു. “മുമ്പ് എപ്പോഴും ജോലിയിലായിരുന്നു. ഇപ്പോഴാണ് ജീവിതം ആസ്വദിക്കുന്നത്,” എന്നാണ് അവർ പിന്നീട് പറഞ്ഞത്.
ഈ യഥാർത്ഥ സംഭവമാണ് പിന്നീട് 1994-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം It Could Happen to You-ന് പ്രചോദനമായത്. Nicolas Cage, Bridget Fonda എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ കഥയ്ക്ക് സിനിമാറ്റിക് മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും, ഒരു ലോട്ടറി ടിക്കറ്റിലൂടെ ഒരു വെയിറ്റ്രസിന്റെ ജീവിതം മാറിയ യഥാർത്ഥ സംഭവമാണ് അതിന്റെ അടിസ്ഥാനം.
ഇന്നും “ലോകത്തിലെ ഏറ്റവും വലിയ ടിപ്പ്” എന്ന വിശേഷണത്തോടെയാണ് ഫില്ലിസ് പെൻസോയുടെയും റോബർട്ട് കന്നിംഗ്ഹാമിന്റെയും ഈ അപൂർവ ഭാഗ്യകഥ ഓർമ്മിക്കപ്പെടുന്നത്.