വാഷിങ്ടൺ: ഇറാനിൽ ഭരണം അട്ടിമറിച്ച് തീവ്രനിലപാടുള്ള മുൻ പ്രസിഡന്‍റ് അഹ്മദി നെജാദിനെ പുതിയ ഭരണാധികാരിയാക്കാൻ ഇസ്രായേലും യുഎസും വർഷങ്ങളോളം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. യുഎസ്, ഇസ്രായേൽ, ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന കോൺഫറൻസുകളുടെ മറവിൽ 2024ലും 25ലും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വെച്ച് അഹ്മദി നെജാദും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്‍റെ തലവൻ ബാർണിയയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും തമ്മിൽ രഹസ്യകൂടിക്കാഴ്ചകൾ നടന്നിരുന്നു. ഇതിനായി യാത്രാ-താമസ ചിലവുകൾ ഇസ്രായേൽ രഹസ്യമായി നൽകിയതായും റിപ്പോർട്ടിലുണ്ട്.
നെജാദിയെ ഇറാൻ ഭരണാധികാരിയാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേൽ സംയുക്ത സൈന്യം ഇറാനെതിരായ ആക്രമണത്തിന് തുടക്കമിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഫെബ്രുവരി 28ലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ നെജാദിയുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്‍റെ കാവലിൽ പാർപ്പിച്ചിരുന്ന ഗാർഡുകളെ ഇല്ലാതാക്കാനാണെന്നാണ് വിവരം. തുടർന്ന് മൊസാദ് ഏജന്‍റുമാർ ഒരു കാറിൽ നെജാദിയെ ഇറാനുള്ളിലെ തന്നെ സുരക്ഷിതമായൊരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയെ ആക്രമിച്ച് വധിച്ചതിന് പിന്നാലെ രാജ്യത്തിനകത്ത് നിന്നുള്ള ഒരാള്‍ തന്നെ അടുത്ത നേതാവാകട്ടെ എന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2005-2013 കാലത്ത് ഇറാന്‍ പ്രഡിഡന്റായിരുന്ന അഹ്മദി നെജാദ് യുഎസിന്റെയും ഇസ്രായേലിന്റെയും കടുത്ത വിമര്‍ശകനായിരുന്നു. 'ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കും' എന്ന പ്രഖ്യാപനമുള്‍പ്പെടെ നടത്തിയിരുന്നു. യുഎസും ഇസ്രായേലുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനും തയ്യാറാവാതിരുന്ന നെജാദ് ഇറാന് ആണവായുധം കൈവശപ്പെടുത്താനുള്ള അവകാശത്തിനു വേണ്ടിയും ശക്തമായി വാദിച്ചിരുന്നു. ഇതേ അഹ്മദി നെജാദിനെ ഭരണതലപ്പത്ത് കൊണ്ടുവരാനാണ് യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, ഇസ്രായേലിന്റെ ഈ പദ്ധതികളോട് പിന്നീട് വിയോജിപ്പ് പ്രകടിപ്പിച്ച അഹമ്മദി നെജാദ് സുരക്ഷിത കേന്ദ്രത്തിൽ നിന്ന് മാറുകയായിരുന്നു. ഇറാൻ ഭരണം അട്ടിമറിക്കാനുള്ള ഈ നീക്കം ഒടുവിൽ പരാജയപ്പെടുകയാണുണ്ടായത്. ഇസ്രായേലുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് അഹമ്മദി നെജാദ് ഇപ്പോൾ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ കസ്റ്റഡിയിൽ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോർട്ടുകൾ. അലി ഖാംനഈയുടെ വിലാപയാത്രയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയുമായി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു അഹ്മദി നെജാദ്. ഭരണകൂട നേതൃത്വവുമായി ഏറ്റുമുട്ടുകയും അവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെ നെജാദിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു. അഹ്മദി നെജാദിന്റെ അനുയായികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും ഇസ്രായേലിന് വേണ്ടി ചാരപ്പണി വരെ നടത്തിയെന്ന് ആരോപിക്കപ്പെട്ടുവെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ, പുറത്തുവരുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് അഹ്മദി നെജാദിയുടെ ഓഫീസ് രംഗത്തുവന്നിട്ടുണ്ട്. തനിക്ക് മൊസാദുമായി ബന്ധമുണ്ടെന്നതും താൻ വീട്ടുതടങ്കലിലാണെന്നതും വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.