എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 47 കോടി നഷ്ടപരിഹാരം നൽകി ട്രംപ്

കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 2023ൽ അഞ്ച് ദശലക്ഷം ഡോളർ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു

Update: 2026-07-15 07:29 GMT

വാഷിംഗ്‌ടൺ: അമേരിക്കൻ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഇ. ജീൻ കരോളിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് നഷ്ടപരിഹാരമായി 5.62 ദശലക്ഷം ഡോളർ (ഏകദേശം 47 കോടി ഇന്ത്യൻ രൂപ) ലഭിച്ചു. 2023ലെ ഫെഡറൽ കോടതി വിധിപ്രകാരമുള്ള തുക, മൂന്ന് വർഷം നീണ്ട അപ്പീൽ നടപടികൾക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിലാണ് കരോളിനും അവരുടെ അഭിഭാഷക സംഘത്തിനും കൈമാറിയത്.

1990കളിൽ കരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അവരെ അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ 2023ൽ മാൻഹട്ടനിലെ ഒൻപതംഗ ഫെഡറൽ ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ച് ദശലക്ഷം ഡോളർ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തിരുന്നു. വിധിക്കെതിരെ അപ്പീൽ നടപടികളുമായി മുന്നോട്ട് പോയ ട്രംപ്, ഈ തുക കോടതിയുടെ എസ്ക്രോ അക്കൗണ്ടിൽ കെട്ടിവെച്ചിരിക്കുകയായിരുന്നു.

Advertising
Advertising

ഈ കേസിലെ ട്രംപിൻ്റെ അപ്പീൽ പരിഗണിക്കാൻ യുഎസ് സുപ്രിംകോടതി കഴിഞ്ഞ മാസം വിസമ്മതിച്ചിരുന്നു. ഇതോടെ എസ്ക്രോ അക്കൗണ്ടിലുണ്ടായിരുന്ന തുക കരോളിന് വിട്ടുനൽകാൻ ഫെഡറൽ ജഡ്ജി ലൂയിസ് എ. കപ്ലാൻ ഉത്തരവിട്ടു. ജൂറി വിധിച്ച അഞ്ച് ദശലക്ഷം ഡോളറിനൊപ്പം കഴിഞ്ഞ മൂന്ന് വർഷത്തെ പലിശയും ചേർത്താണ് മൊത്തം 5.62 ദശലക്ഷം ഡോളർ കൈമാറിയത്. ഈ തുക തൻ്റെ വിശ്രമജീവിതത്തിലെ ആവശ്യങ്ങൾക്കായി നിക്ഷേപിക്കുമെന്നാണ് കരോൾ കോടതിയെ അറിയിച്ചിട്ടുള്ളത്.

നഷ്ടപരിഹാരത്തുക ലഭിച്ചതിന് പിന്നാലെ 'ദ് ഈഗിൾ ഹാസ് ലാൻഡഡ്' എന്ന് കരോൾ തൻ്റെ സബ്സ്റ്റാക്ക് ന്യൂസ്‌ലെറ്ററിലൂടെ പ്രതികരിച്ചു. മൂന്ന് വർഷം മുൻപ് ജൂറി ഐകകണ്ഠ്യേന കണ്ടെത്തിയ വിധിപ്രകാരമുള്ള തുക തൻ്റെ കക്ഷിക്ക് ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് കരോളിൻ്റെ പ്രധാന അഭിഭാഷകയായ റോബർട്ട കപ്ലാൻ പ്രസ്താവനയിൽ അറിയിച്ചു.

1996ൽ മാൻഹട്ടനിലെ ഒരു ആഡംബര ഡിപ്പാർട്ട്മെൻ്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വെച്ച് ട്രംപ് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് 2019ൽ പുറത്തിറക്കിയ പുസ്തകത്തിലൂടെയാണ് കരോൾ പരസ്യപ്പെടുത്തിയത്. തുടർന്ന് ഈ ആരോപണങ്ങൾ നിഷേധിച്ച ട്രംപ് കരോളിനെ കള്ളിയെന്ന് വിളിച്ച് അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതോടെയാണ് അവർ നിയമനടപടികളിലേക്ക് കടന്നത്. കരോളിൻ്റെ ആരോപണങ്ങൾ തികച്ചും വ്യാജമാണെന്നും ഈ നിയമനടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ട്രംപിൻ്റെ നിലപാട്. തുക വിട്ടുനൽകിയ കോടതി ഉത്തരവിനെതിരെയും ട്രംപിൻ്റെ അഭിഭാഷകർ വീണ്ടും അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.

ഈ കേസിന് പുറമെ, 2019ൽ കരോളിൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അവരെ അപകീർത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ട്രംപ് 83.3 ദശലക്ഷം ഡോളർ (ഏകദേശം 700 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് 2024ൽ മറ്റൊരു ഫെഡറൽ ജൂറി വിധിച്ചിരുന്നു. ഈ ഭീമമായ തുക വിധിച്ചതിനെതിരെയുള്ള ട്രംപിൻ്റെ അപ്പീൽ നിലവിൽ ഫെഡറൽ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News