20 ബന്ദികൾക്ക് പകരം കൈമാറുക 2000 ഫലസ്തീൻ തടവുകാരെ; വെടിനിർത്തൽ പ്രാബല്യത്തിലായ ഗസ്സയിൽ അടുത്ത നീക്കങ്ങളെന്തൊക്കെ...?
ഇസ്രായേലി ബന്ദികളെയും ഫലസ്തീൻ തടവുകാരെയും വിട്ടയയ്ക്കലും ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറലും മാനുഷിക സഹായമെത്തിക്കലുമുൾപ്പെടെയുള്ള നടപടികളാണ് ഇനി നടക്കാനുള്ളത്.
കെയ്‌റോ: രണ്ട് വർഷം നീണ്ട വംശഹത്യക്കും ഉപരോധങ്ങൾക്കും ശേഷം ഗസ്സയിൽ വെടിനിർത്തലിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയുടെ അടിസ്ഥാനത്തിൽ കെയ്‌റോയിൽ നടന്ന സമാധാന ചർച്ചയിൽ ആദ്യഘട്ട കരാർ ഹമാസും ഇസ്രായേലും അംഗീകരിക്കുകയായിരുന്നു. ഇസ്രായേലി ബന്ദികളെയും ഫലസ്തീൻ തടവുകാരെയും വിട്ടയയ്ക്കലും ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറലും മാനുഷിക സഹായമെത്തിക്കലുമുൾപ്പെടെയുള്ള നടപടികളാണ് ഇനി നടക്കാനുള്ളത്.
ബന്ദിമോചനം എത്രയും വേഗം ഉണ്ടാവുമെന്നും നിശ്ചിത രേഖയിൽനിന്ന് ഇസ്രായേലി സൈന്യം പിൻമാറുമെന്നും ട്രംപ് അറിയിച്ചു. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കൽ, ബന്ദികളെ കൈമാറൽ എന്നിവ ഉൾപ്പെടുന്ന കരാറിലെത്തിയതായി ഹമാസ് സ്ഥിരീകരിച്ചു. ഇസ്രായേൽ വെടിനിർത്തൽ പൂർണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മധ്യസ്ഥ രാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെട്ടു. യുദ്ധം അവസാനിക്കുമ്പോൾ ഗസ്സ ആര് ഭരിക്കുമെന്ന് വ്യക്തമായ സൂചനകളൊന്നുമില്ല. നെതന്യാഹുവും ട്രംപും പാശ്ചാത്യ- അറബ് രാജ്യങ്ങളും ആ ചുമതലയിൽ ഹമാസ് ആയിരിക്കാനുള്ള സാധ്യത തള്ളി. പ്രധാന പരിഷ്‌കാരങ്ങൾക്ക് വിധേയമായ ശേഷം മാത്രമേ ഫലസ്തീൻ അതോറിറ്റിക്ക് ഗസ്സയുടെ ഭരണത്തിൽ പങ്ക് വഹിക്കാനാകൂ എന്നാണ് ട്രംപിന്റെ 20ഇന പദ്ധതി പറയുന്നത്.
വെടിനിർത്തൽ ആരംഭിച്ച് 72 മണിക്കൂറിനു ശേഷം 20 ബന്ദികളെയാണ് ഇസ്രായേൽ മോചിപ്പിക്കുക. ഇതിനു പകരമായി 2000 ഫലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിക്കുക. ഇവരിൽ 200 പേർ ഇസ്രായേലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരുന്നവരാണെന്ന് ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറുന്ന മുറയ്ക്ക് വിട്ടുനൽകുമെന്നും അവർ വ്യക്തമാക്കി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച ബന്ദികളെ കണ്ടെത്താൻ സഹായിക്കുന്നതിന് ഒരു അന്താരാഷ്ട്ര സേനയെ നിയോഗിക്കുമെന്ന് ഇസ്രായേലിന്റെ ബന്ദി കോഡിനേറ്റർ ഗാൽ ഹിർഷ് പറഞ്ഞു. തിങ്കളാഴ്ച മുതൽ ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുമെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ.
ഇസ്രായേൽ കരാർ അംഗീകരിച്ചുകഴിഞ്ഞാൽ, 24 മണിക്കൂറിനുള്ളിൽ നിർദിഷ്ട രേഖയിലേക്ക് പിൻവാങ്ങേണ്ടതുണ്ടെന്നും ബന്ദി-തടവുകാരുടെ കൈമാറ്റത്തിനുള്ള 72 മണിക്കൂർ സമയം അതിനുശേഷം ആരംഭിക്കുമെന്നും ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, യുദ്ധം നിൽക്കുമെന്ന പ്രതീക്ഷകൾ ഉയർന്നിട്ടുണ്ടെങ്കിലും നിർണായക വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന്റെ കാലാവധി, ഗസ്സ മുനമ്പിലെ യുദ്ധാനന്തര ഭരണകൂടം, ഹമാസിന്റെ ഭാവി എന്നിവ ഇതിലുൾപ്പെടുന്നു.
വെടിനിർത്തലിനു പിന്നാലെ ഗസ്സ കാത്തിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം മാനുഷിക സഹായ ലഭ്യതയാണ്. ഇക്കാര്യത്തിലും ഇപ്പോൾ ഒരു സ്ഥിരീകരണം വന്നിട്ടുണ്ട്. ട്രംപിന്റെ പദ്ധതി പ്രകാരം ഗസ്സയിലേക്ക് മനുഷിക സഹായം വർധിപ്പിക്കും. പ്രതിദിനം 600 ട്രക്കുകൾ ഉടൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ തുടങ്ങുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, പ്രതിദിനം കുറഞ്ഞത് 400 ട്രക്കുകളായിരിക്കും പ്രവേശിച്ചുതുടങ്ങുകയെന്നും ക്രമേണ ഇത് വർധിക്കുമെന്നുമാണ് രണ്ട് ഫലസ്തീൻ വൃത്തങ്ങൾ പ്രതികരിച്ചത്. മാനുഷിക സഹായം നിയന്ത്രണവും തടസങ്ങളുമില്ലാതെ ലഭ്യമായിക്കഴിഞ്ഞാൽ ഗസ്സ നിവാസികൾക്കുണ്ടാകുന്ന ആശ്വാസം ചെറുതല്ല. ഭക്ഷണവും വെള്ളവും മരുന്നുമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കാതെ ഗസ്സ നിവാസികളെ ഇസ്രായേൽ പട്ടിണിയിലേക്ക് തള്ളിവിടുന്നതും ലോകം കണ്ടു. 154 കുട്ടികളടക്കം 459 പേർക്കാണ് പട്ടിണി മൂലം ഗസ്സയിൽ ജീവൻ നഷ്ടമായത്. മാനുഷിക സഹായവുമായുള്ള ട്രക്കുകൾ എത്തുന്നതോടെ പട്ടിണിമരണങ്ങൾക്ക് വിരാമമുണ്ടാകുമെന്നാണ് സന്നദ്ധസംഘടനകൾ പ്രതീക്ഷിക്കുന്നത്.
വെടിനിർത്തലിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ട്രംപ് വരുംദിവസങ്ങളിൽ ഈജിപ്തിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ഈജിപ്തിലേക്ക് പോകുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനിടെ, ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ നെതന്യാഹു ട്രംപിനെ ക്ഷണിച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന യുദ്ധ കാബിനറ്റിൽ കരാർ ചർച്ചക്കിടുമെന്നാണ് നെതന്യാഹു അറിയിച്ചിരിക്കുന്നത്. കരാർ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ, ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങും. തുടർന്ന് 72 മണിക്കൂറിന് ശേഷമായിരിക്കും ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.
ഗസ്സയുടെ യുദ്ധാനന്തര ഭരണകൂടത്തിന് മേൽനോട്ടം വഹിക്കാൻ ബോർഡ് ഓഫ് പീസ് എന്ന അന്താരാഷ്ട്ര സംഘടന രൂപീകരിക്കുകയാണ് ട്രംപിന്റെ പദ്ധതിയുടെ അടുത്ത ഘട്ടം,. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള മറ്റ് ലോക നേതാക്കൾ ഉൾപ്പെടുന്ന ബോർഡിന്റെ അധ്യക്ഷൻ ട്രംപ് ആയിരിക്കും.
'യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ബന്ദി കൈമാറ്റം ഹമാസ് തുടക്കം മുതൽ തന്നെ വാഗ്ദാനം ചെയ്തുവരുന്നതാണെന്ന് യുഎസ് ആസ്ഥാനമായുള്ള അവകാശ സംഘടനയായ ഡോണിലെ ഇസ്രായേൽ-ഫലസ്തീൻ ഡയറക്ടർ മൈക്കൽ ഷാഫർ ഒമർ-മാൻ പറഞ്ഞു. 'വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വീണ്ടും യുദ്ധത്തിലേക്ക് പോകാതിരിക്കുക, വീണ്ടും ഉപരോധം ഏർപ്പെടുത്താതിരിക്കുക, സഹായം മാത്രമല്ല, വാണിജ്യ വസ്തുക്കളും ആളുകളേയും അതിർത്തി കടന്ന് നീങ്ങാൻ അനുവദിക്കുക എന്നിവയാണ് ഏറെ പ്രധാനമെന്നും എന്നാൽ നിലവിൽ ആ സാഹചര്യത്തിലേക്ക് എത്തിയിട്ടില്ലെന്നും ഒമർ മാൻ കൂട്ടിച്ചേർത്തു.
ഫലസ്തീൻ പ്രാദേശിക സമയം 12 മണിയോടെയാണ് ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ആദ്യഘട്ട കരാർ കെയ്‌റോ ചർച്ചയിൽ ഇസ്രായേലും ഹമാസും അംഗീകരിക്കുകയായിരുന്നു. വെടിനിർത്തൽ വാർത്ത വന്നതോടെ ഗസ്സയിലെങ്ങും ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങിയിട്ടുണ്ട്. വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി വിട്ടയക്കുന്ന ബന്ദികളുടെയും മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെയും പട്ടിക ഹമാസ് കൈമാറിയിരുന്നു.