'80 വർഷം ബേബി പൗഡർ ഉപയോഗിച്ചു'; കാൻസർ കേസിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് 966 കോടി പിഴ

15 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് പിഴ നൽകാനുള്ള കോടതി വിധി

Update: 2025-10-09 11:34 GMT

ലോസ് ഏഞ്ചൽസ്: 15 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 966 കോടി ഡോളർ പിഴ നൽകാൻ വിധി. ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡർ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതാണ് കാൻസർ ബാധിക്കാൻ കാരണമെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 കോടി ഡോളർ നൽകാൻ കോടതി ഉത്തരവിട്ടത്. ലോസ് ഏഞ്ചൽസ് സ്റ്റേറ്റ് കോടതിയുടേതാണ് ഉത്തരവ്.

മേ മൂർ എന്ന സ്ത്രീക്ക് ആസ്ബറ്റോസ് എക്സ്പോഷറുമായി ബന്ധപ്പെട്ട ഒരു കാൻസറായ മെസോതെലിയോമ ബാധിച്ചതിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഉത്തരവാദികളാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. അപകടത്തിന്റെ നഷ്ടപരിഹാരമായി 16 മില്യൺ ഡോളറും പിഴയായി 950 മില്യൺ ഡോളറുമാണ് കോടതി പിഴവിധിച്ചത്. മേ മൂറിന്റെ കുടുംബത്തിനാണ് ഈ തുക ലഭിക്കുക. പൗഡർ ഉപയോഗിച്ചാൽ ഉണ്ടാകാനിടയുള്ള ആരോഗ്യപരമായ അപകടങ്ങൾ ജോൺസൺ ആൻഡ് ജോൺസൺ മറച്ചുവെച്ചുവെന്നാരോപിച്ചായിരുന്നു കേസ്. 2021ലാണ് മേ മൂർ മരണപ്പെടുന്നത്. മരിക്കുമ്പോൾ 88 വയസായിരുന്നു.

Advertising
Advertising

കോടതി വിധി ഭരണഘടനാവിരുദ്ധമാണെന്നാണ് ജോൺസൺ ആൻഡ് ജോൺസണിന്റെ പ്രതികരണം. വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് ജെ&ജെയുടെ ആഗോള വ്യവഹാര വൈസ് പ്രസിഡന്റ് എറിക് ഹാസ് വ്യക്തമാക്കി.

ടാൽക് അധിഷ്ഠിത ബേബി പൗഡറിനെതിരെ നിരവധി കേസുകൾ വിചാരണാഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് ഈ വിധി എന്നത് ശ്രദ്ധേയമാണ്. 2023ൽ ജോൺസൺ ആൻഡ് ജോൺസൺ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറുകൾ ലോക വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ കമ്പനി നേരത്തെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ബേബി പൗഡറിലുൾപ്പെട്ട ആസ്ബറ്റോസ് ഉപയോക്താക്കളെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ചുള്ള നിരവധി കേസുകളാണ് ജോൺസൺ ആൻഡ് ജോൺസണെതിരെ നിലനിൽക്കുന്നത്. ഈ കേസുകൾ പരിഹരിക്കുന്നതിന് മൂന്ന് ബില്യൺ ഡോളറിലധികം കമ്പനി ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. മെസോതെലിയോമയ്ക്കും അണ്ഡാശയ കാൻസറിനും കാരണമാകുമെന്ന് ആരോപിച്ചുള്ള 70,000ത്തിലധികം പരാതികൾ ജോൺസൺ ആൻഡ് ജോൺസണെതിരെ ഇപ്പോഴും നിലനിൽക്കുകയാണ്. കേസുകളിൽ പലതും പ്രീ-ട്രയൽ ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾക്കായി ന്യൂജേഴ്‌സിയിലെ ഒരു ഫെഡറൽ ജഡ്ജിയുടെ മുമ്പാകെ ഒരുമിച്ചാക്കിയിട്ടുണ്ട്.

നേരത്തെയും സമാനമായ കേസുകളിൽ കമ്പനിക്കെതിരെയുള്ള ഒരു ഡസനോളം കേസുകളിൽ കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി നൽകാനുള്ള വിധികൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതും അപ്പീൽ ഘട്ടങ്ങളിൽ തുക കുറയ്ക്കപ്പെടുകയോ അപ്പീൽ തള്ളുകയോ ആയിരുന്നു. 2018ൽ മിസോറിയിലെ ഒരു കോടതി 22 സ്ത്രീകൾക്ക് 4.7 ബില്യൺ ഡോളർ പിഴത്തുക നൽകാൻ വിധിച്ചിരുന്നു. ജോൺസൺ ആൻഡ് ജോൺസണെതിരെ ഉണ്ടായ ഏറ്റവും ഉയർന്ന പിഴത്തുകയുള്ള കോടതി വിധി ഇതായിരുന്നു. പിന്നീട് അപ്പീൽ കോടതി ഇത് 2.1 ബില്യൺ ഡോളറായി കുറച്ചിരുന്നു. ജോൺസൺ ആൻഡ് ജോൺസൺ പിന്നീട് പലിശ സഹിതം 2.5 ബില്യൺ ഡോളർ നൽകിയിരുന്നു.

ഇതിനിടെ ടാൽക്ക് കാൻസറിന് കാരണമാകുന്നില്ലെന്നും ഉൽപ്പന്നത്തിൽ ഒരിക്കലും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നുമുള്ള വാദങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ജോൺസൺ ആൻഡ് ജോൺസൺ. 100 വർഷത്തിലേറെയായി തങ്ങളുടെ ബേബി പൗഡർ ഉചിതമായി രീതിയിൽ വിപണനം ചെയ്യുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. എന്നാൽ 1970കളുടെ തുടക്കം മുതലെങ്കിലും തങ്ങളുടെ ടാൽക്കിലെ ആസ്ബറ്റോസിന്റെ സാന്നിധ്യത്തെക്കുറിച്ച് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് കാണിക്കുന്ന ആന്തരിക രേഖകൾ ഉദ്ധരിച്ചായിരുന്നു പരാതിക്കാരുടെ വാദം.

പരാതിക്കാരിയായ മൂർ ജോൺസൺ ആൻഡ് ജോൺസണിന്റെ ഷവർ ടു ഷവർ പൗഡറിനൊപ്പം അവരുടെ ബേബി പൗഡറും ഏകദേശം 80 വർഷത്തോളം ഉപയോഗിച്ചുവെന്നാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നത്. നേരത്തെ 2012 ൽ ഏകദേശം 150 മില്യൺ ഡോളറിന് ഷവർ ടു ഷവർ വാലന്റ് ഫാർമസ്യൂട്ടിക്കൽസിന് ജോൺസൺ ആൻഡ് ജോൺസൺ വിറ്റിരുന്നു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News