ഫലസ്തീനിൽ മറ്റൊരു 'നക്ബ'ക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് യുഎൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്
ഇസ്രായേൽ വംശീയ ഉന്മൂലനം നടത്തുകയാണെന്നും ഫലസ്തീനികൾക്ക് സങ്കൽപ്പിക്കാനാവാത്ത ദുരിതങ്ങൾ വരുത്തിവെക്കുകയാണെന്നും യുഎൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ഗസ്സ: ലോകം മറ്റൊരു 'നക്ബ'ക്ക് അല്ലെങ്കിൽ ഫലസ്തീനികളുടെ പുറത്താക്കലിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി മുന്നറിയിപ്പ് നൽകി. ഇസ്രായേൽ വംശീയ ഉന്മൂലനം നടത്തുകയാണെന്നും ഫലസ്തീനികൾക്ക് സങ്കൽപ്പിക്കാനാവാത്ത ദുരിതങ്ങൾ വരുത്തിവെക്കുകയാണെന്നും കമ്മിറ്റി വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി.
വടക്കൻ ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കി തെക്കൻ ഗസ്സയിലെ ആറ് ക്യാമ്പുകളിലേക്ക് മാറ്റാനുള്ള പദ്ധതി ഈ ആഴ്ച ആദ്യത്തിൽ ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎൻ കമ്മിറ്റിയുടെ പ്രതികരണം. ഇസ്രായേൽ ഉപരോധത്തെ തുടർന്ന് ഗസ്സയിലെ ജനങ്ങൾ കടുത്ത പട്ടിണിയിലാണ്. അതിനിടെയാണ് വടക്കൻ ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പൂർണമായും മാറ്റാനുള്ള ഇസ്രായേൽ നീക്കം.
1948ൽ ഇസ്രായേൽ രൂപീകരിക്കപ്പെട്ടതിന് പിന്നാലെ ഫലസ്തീനികളെ സ്വന്തം മണ്ണിൽ നിന്ന് കൂട്ടത്തോടെ കുടിയൊഴിപ്പിച്ചതിനെയാണ് നക്ബ എന്ന് വിശേഷിപ്പിക്കുന്നത്. അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീനിലെ ജനങ്ങൾ ചിന്തിക്കാൻ പോലും കഴിയാത്ത ദുരിതങ്ങളാണ് ഇസ്രായേൽ സൃഷ്ടിക്കുന്നത്. അതിനിടെ അവരുടെ കൊളോണിയൽ താത്പര്യങ്ങളുടെ ഭാഗമായി ഭൂമി പിടിച്ചെടുക്കലും വ്യാപിപ്പിക്കുന്നു. നമ്മൾ ഇപ്പോൾ കാണുന്നത് മറ്റൊരു നക്ബയായിരിക്കാമെന്നും കമ്മിറ്റി പറഞ്ഞു.