ട്രംപ് നെതന്യാഹുവുമായുള്ള ആശയവിനിമയം നിർത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ
സ്വന്തം നേട്ടത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയതിനാലാണ് ട്രംപ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇസ്രായേൽ ആർമി റേഡിയോയുടെ ലേഖകൻ യാനിർ കോസിൻ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ആശയവിനിമയം നിർത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ. സ്വന്തം നേട്ടത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയതിനാലാണ് ട്രംപ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇസ്രായേൽ ആർമി റേഡിയോയുടെ ലേഖകൻ യാനിർ കോസിൻ എക്‌സിൽ കുറിച്ചു. നെതന്യാഹുവിനെ ഉൾപ്പെടുത്താതെ മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ മുന്നോട്ട് പോകാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്നും കോസിൻ കുറിപ്പിൽ പറയുന്നു.
ഇറാനെയും യമനിലെ ഹൂത്തികളെയും സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതിയും സമയക്രമവും അവതരിപ്പിക്കുന്നതിൽ ഇസ്രായേൽ സർക്കാർ പരാജയപ്പെട്ടത് യുഎസ്-ഇസ്രായേൽ ബന്ധം വഷളാകാനുള്ള കാരണമായതായി കോസിൻ ചൂണ്ടിക്കാട്ടുന്നു. ഗസ്സയെയെക്കുറിച്ച് വ്യക്തമായ ഒരു നിർദേശം നൽകുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടതും ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിൽ പങ്കുവഹിച്ചു.
ഇരുഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടിലെങ്കിലും വലതുപക്ഷ ഇസ്രായേൽ മാധ്യമം 'ഇസ്രായേൽ ഹായോം' വാർത്ത സ്ഥിരീകരിക്കുന്നു. 'മിഡിൽ ഈസ്റ്റ് വിഷയത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നെതന്യാഹു കാലതാമസം വരുത്തുകയാണെന്ന് ട്രംപ് വിശ്വസിക്കുന്നു. ഇക്കാരണത്താൽ, ഇസ്രായേൽ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുന്നതുവരെ കാത്തിരിക്കാൻ യുഎസ് പ്രസിഡന്റ് തയ്യാറല്ലത്തതിനാൽ അദ്ദേഹത്തെ കൂടാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചു.' ഹായോം റിപ്പോർട്ടിൽ പറയുന്നു.
സൗദി അറേബ്യയുമായുള്ള ഒരു കരാറിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായ കാലതാമസമാണ് മിഡിൽ ഈസ്റ്റ് വിഷയത്തിൽ ഒറ്റക്ക് മുന്നോട്ട് പോകാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നു. യമനിൽ ഹൂത്തികളുമായി അമേരിക്ക വെടിനിർത്തൽ കരാറിൽ എത്തിയതും ഏപ്രിലിൽ യുഎസ്-ഇറാൻ ആണവ ചർച്ചകൾ ആരംഭിച്ചതും ഇസ്രായേൽ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ടിൽ പറയുന്നു.