വെടിനിർത്തൽ ചർച്ചകൾ സജീവമാക്കാൻ യുക്രൈൻ സന്ദർശിച്ച് യൂറോപ്യൻ നേതാക്കൾ
30 ദിവസത്തെ വെടിനിർത്തലിനായി റഷ്യയിൽ സമ്മർദ്ദം ചെലുത്തും
കീവ്: വെടിനിർത്തൽ ചർച്ചകൾക്കായി യുക്രൈനിലെത്തി യൂറോപ്യൻ നേതാക്കൾ. ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് യുക്രൈനിൽ എത്തിയത്. മൂന്ന് വർഷം നീണ്ട റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ചർച്ചകൾ നടത്തും. 30 ദിവസത്തെ വെടിനിർത്തലിനായി റഷ്യയിൽ സമ്മർദ്ദം ചെലുത്തും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവർ അയൽരാജ്യമായ പോളണ്ടിൽ നിന്ന് ശനിയാഴ്ച ട്രെയിനിലാണ് യുക്രൈനിൽ എത്തിയത്. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കും പിന്നാലെയെത്തി. നാല് യൂറോപ്യൻ രാജ്യങ്ങളിലെയും നേതാക്കൾ യുക്രൈനിൽ സംയുക്ത സന്ദർശനം നടത്തുന്നത് ഇതാദ്യമായാണ്.
"ചെയ്യാൻ ഒരുപാട് ജോലികളുണ്ട്, ചർച്ച ചെയ്യാൻ ഒരുപാട് വിഷയങ്ങളുണ്ട്. നീതിയുക്തമായ സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കണം. ഒരു വെടിനിർത്തലിന് സമ്മതിക്കാൻ റഷ്യയെ നിർബന്ധിക്കണം," സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് മാധ്യമങ്ങളോട് പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു നടപടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 30 ദിവസത്തെ നിരുപാധിക വെടിനിർത്തൽ നിർദേശിച്ചിരുന്നു. എന്നാൽ പുടിൻ ഇതിനെ എതിർക്കുകയായിരുന്നു.
"രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം, റഷ്യ അതിന്റെ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കണം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ സുരക്ഷിതവും പരമാധികാരവുമുള്ള ഒരു രാഷ്ട്രമായി യുക്രൈന് അഭിവൃദ്ധി പ്രാപിക്കാൻ കഴിയണം" സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.