ബന്ദിമോചനത്തിന് ഹമാസുമായി കരാർ വേണം; തെൽ അവീവിൽ കൂറ്റൻ റാലി
ബന്ദികളെ കൊലക്ക് കൊടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ
തെൽ അവീവ്: ബന്ദിമോചനത്തിന് ഹമാസുമായി കരാർ വേണം എന്നാവശ്യപ്പെട്ട് തെൽ അവീവിൽ കൂറ്റൻ റാലി. ബന്ദികളെ കൊലക്ക് കൊടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ ഓർമിപ്പിച്ചു. റിസർവ് സൈനികരിൽ ചിലരും റാലിയിൽ പങ്കെടുത്തു.
ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തലിനുള്ള നീക്കം തുടരുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 28 പേർ കൊല്ലപ്പെട്ടു. ഹമാസ് ചെറുത്ത് നിൽപ്പിൽ 7 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ആശയവിനിമയം നിർത്തിയതായി കഴിഞ്ഞ ദിവസം ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്വന്തം നേട്ടത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയതിനാലാണ് ട്രംപ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇസ്രായേൽ ആർമി റേഡിയോയുടെ ലേഖകൻ യാനിർ കോസിൻ എക്‌സിൽ കുറിച്ചു. നെതന്യാഹുവിനെ ഉൾപ്പെടുത്താതെ മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ മുന്നോട്ട് പോകാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്നും കോസിൻ കുറിപ്പിൽ പറയുന്നു.
ഇറാനെയും യമനിലെ ഹൂത്തികളെയും സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതിയും സമയക്രമവും അവതരിപ്പിക്കുന്നതിൽ ഇസ്രായേൽ സർക്കാർ പരാജയപ്പെട്ടത് യുഎസ്-ഇസ്രായേൽ ബന്ധം വഷളാകാനുള്ള കാരണമായതായി കോസിൻ ചൂണ്ടിക്കാട്ടുന്നു. ഗസ്സയെയെക്കുറിച്ച് വ്യക്തമായ ഒരു നിർദേശം നൽകുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടതും ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിൽ പങ്കുവഹിച്ചു.