ട്രംപിനെതിരെ പോരാടാനിറങ്ങി ഇന്ത്യൻ വിദ്യാർത്ഥി; വിസ റദ്ദാക്കലിനെതിരെ നിയമ നടപടി ആരംഭിച്ചു
നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥിയടക്കം നാല് പേരാണ് നിയമനടപടി ആരംഭിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ക്യാമ്പസ് ആക്ടിവിസത്തിന്റെ പേരിൽ വിസ റദ്ദാക്കി വിദ്യാർത്ഥികളെ നാട് കടത്താനുള്ള ട്രംപ് ഭരണകൂടത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങി ഇന്ത്യന്‍ വിദ്യാര്‍ഥിയടക്കമുള്ളവർ. നാട് കടത്തൽ ഭീഷണിയുണ്ടെന്നാരോപിച്ചാണ് ഇന്ത്യന്‍ വിദ്യാര്‍ഥി ചിന്മയ് ദുരൈയടക്കം നാലുപേര്‍ ട്രംപ് ഭരണകൂടത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.
ഈ മാസമാദ്യമാണ് വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് വിസ യുഎസ് ഭരണകൂടം റദ്ദാക്കിയത്. നിയമപോരാട്ടം വഴി തങ്ങളുടെ നിയമപരമായ പദവി വീണ്ടെടുക്കാമെന്ന വിശ്വാസത്തിലാണ് വിദ്യാര്‍ഥികള്‍. യാതൊരു മുന്നറിയിപ്പുമില്ലാതെ സ്റ്റുഡന്റ് ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പിന്‍വലിച്ചു എന്നാരോപിച്ചാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റിക്കും ഇമിഗ്രേഷന്‍ അധികൃതര്‍ക്കും പരാതി നല്‍കിയത്. ചൈനയില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികളും നേപ്പാളില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയുമാണ് മറ്റു പരാതിക്കാര്‍.
അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയനാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മിഷിഗണിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയല്‍ കേസ് ചെയ്തത്. ഒരു തരത്തിലുമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിലും തങ്ങള്‍ ഭാഗമായിട്ടില്ലായെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കാമ്പസ് ആക്ടിവിസത്തിന്റെ പേരില്‍ ഇന്ത്യക്കാരടക്കം നിരവധി വിദ്യാര്‍ഥികളുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇവരോട് സ്വയം തിരിച്ചുപോകാനാവശ്യപ്പെട്ട് മെയിലുകളും അയച്ചിരുന്നു. ഗതാഗത നിയമലംഘനമടക്കമുള്ള ചെറിയ കുറ്റങ്ങളിലുള്‍പ്പെട്ടവരുടെയും വിസ റദ്ദാക്കിയിട്ടുണ്ട്.