Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഹാമില്‍ട്ടൺ: കാനഡയിലെ ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. ഒന്റാറിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളജിലെ വിദ്യാര്‍ഥിനിയായ ഹര്‍സിമ്രത് രൺധാവ (21) ആണ് മരിച്ചത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ ഒരു കാറില്‍ സഞ്ചരിച്ചിരുന്ന അജ്ഞാതരില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു.
രണ്ട് വാഹനങ്ങളിലൂണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയപ്പില്‍ അബദ്ധത്തില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത് വെടിയുണ്ട പതിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിയുണ്ടയുടെ ദിശമാറി ഹര്‍സിമ്രതിന്റെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ഹാമില്‍ട്ടണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹര്‍സിമ്രത് രൺധാവയുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായി ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബവുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും അവര്‍ക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും പൊലീസ് പറഞ്ഞു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.