യുഎസ്-ഇറാൻ ആണവ ചർച്ചകൾക്കിടെ സൗദി പ്രതിരോധ മന്ത്രി ഇറാനിൽ

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം

Update: 2025-04-18 14:58 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ തെഹ്‌റാനിൽ ഇറാൻ ഭരണകൂടവുമായി നേരിട്ട് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. വ്യാഴാഴ്ചയാണ് സൗദി പ്രതിരോധ മന്ത്രി തെഹ്‌റാനിൽ എത്തിയത്. ഇറാൻ-യുഎസ് ആണവ കരാർ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസും ഇസ്രായേലും ഭീഷണി മുഴക്കിയിരുന്നു. ബോംബിടുമെന്നായിരുന്നു ട്രംപിന്റെ ഭീഷണിയെങ്കിൽ ആണവ കേന്ദ്രം ആക്രമിക്കാനാണ് ഇസ്രയേലിന്റെ പദ്ധതി. ഇത് മേഖലയിൽ വലിയ യുദ്ധത്തിന് കാരണമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇങ്ങിനെ ആക്രമണം നടന്നാൽ ഗൾഫിൽ അതിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് സൗദി യുഎസിനെ അറിയിച്ചിരുന്നു. ഇറാൻ പരമോന്നത നേതാവ് അലിം ഖാംനഇയുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്.

Advertising
Advertising

സൽമാൻ രാജാവിന്റെയും കിരിടാവകാശിയുടേയും സന്ദേശം കൂടിക്കാഴ്ചയിൽ ഖാലിദ് രാജകുമാരൻ കൈമാറി. ഇറാൻ പ്രസിഡണ്ട് മസൂദ് പസേഷ്‌കിയാൻ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ മുഹമ്മദ് ബഗേരി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധ ബന്ധം ശക്തമാക്കുക, സമാധാനം ഉറപ്പാക്കുക, ഭീകരതയെ ചെറുക്കുക തുടങ്ങിയ വിഷയങ്ങൾ ഇരുകൂട്ടരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും പൊതു താൽപ്പര്യങ്ങളും ചർച്ചയിൽ വന്നു. മേഖല സംഘർഷത്തിലേക്ക് പോകുന്ന സാഹചര്യം ഒഴുവാക്കുകയാണ് സൗദിയുടെ ലക്ഷ്യമെന്ന് നിരീക്ഷകർ കരുതുന്നു.

2016ൽ നയതന്ത്ര ബന്ധം വിച്ഛേദിച്ച ശേഷം രണ്ട് വർഷം മുമ്പാണ് ചൈനീസ് മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും ബന്ധം പുനസ്ഥാപിച്ചത്. ഇതിന് ശേഷം ഗസ്സ വംശഹത്യക്കെതിരെയുള്ള അറബ് രാഷ്ട്രങ്ങളുടെ യോഗത്തിനായി ഇറാൻ പ്രസിഡണ്ടും വിദേശകാര്യമന്ത്രിയുമെല്ലാം കഴിഞ്ഞ വർഷം സൗദിയിലെത്തി. 2024 ഒക്ടോബറിൽ, സൗദിയും ഇറാനും ഒമാൻ ഉൾക്കടലിൽ ആദ്യമായി സംയുക്ത നാവിക പരിശീലനവും നടത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും കിരീടാവകാശിയുടെ സഹോദരനുമാണ് പ്രതിരോധ മന്ത്രി. ഒരു സൗദി രാജകുടുംബാംഗത്തിന്റെ ഇറാൻ സന്ദർശനം വളരെ അപൂർവമാണ്. 1997-ൽ സൗദി രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസിന് ശേഷമുള്ള രാജകുടുംബാഗത്തിന്റെ ആദ്യ സന്ദർശനമാണിത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News