യുഎസ് വിസ റദ്ദാക്കിയവരില്‍ 50 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളെന്ന് റിപ്പോർട്ട്
ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ നടപടിക്കെതിരെ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പട്ട് നിരവധി വിദ്യാര്‍ഥികള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്
വാഷിങ്ടൺ: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയ നിരവധി വിദ്യാര്‍ഥികളില്‍ പകുതിയിലധികവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്‍. സ്റ്റുഡന്റ് ആൻഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ സിസ്റ്റത്തിലൂടെ ലഭിച്ച 327 റിപ്പോര്‍ട്ടുകളിലെ 50 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണെന്നാണ് അഭിഭാഷക സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.
ചൈനയില്‍ നിന്നുള്ള 14 ശതമാനം വിദ്യാര്‍ഥികളുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയാണ് റിപ്പോര്‍ട്ടിലുള്‍പ്പെട്ട മറ്റു പ്രധാന രാജ്യങ്ങള്‍. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതയും സുതാര്യതയും ആവശ്യമാണെന്നും, വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ തൊഴിലിനെയും വിദ്യാഭ്യാസത്തെയും ബാധിക്കാത്ത രീതിയില്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്നും അസോസിയേഷൻ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ നടപടിക്കെതിരെ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പട്ട് നിരവധി വിദ്യാര്‍ഥികള്‍ അപ്പീല്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാമ്പസ് ആക്ടിവിസത്തിന്റെയും ചെറിയ ക്രിമിനല്‍ കുറ്റങ്ങളുടെയും പേരില്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ ട്രംപ് ഭരണകൂടം വിസ റദ്ദാക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.