യുഎസിൽ ആകാശത്ത് വിമാനം റാഞ്ചാൻ ശ്രമം; അക്രമിക്ക് നേരെ നിറയൊഴിച്ച് യാത്രക്കാരൻ
സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്
വാഷിംഗ്‌ടൺ: യുഎസിൽ ആകാശത്ത് വിമാനം റാഞ്ചാൻ ശ്രമം. വ്യാഴാഴ്ച ബെലീസിലാണ് യുഎസ് പൗരൻ കത്തിമുനയിൽ വിമാനം റാഞ്ചാൻ ശ്രമം നടത്തിയത്. 14 യാത്രക്കാരുമായി പറന്നുയർന്ന ചെറിയ ട്രോപ്പിക് എയർ വിമാനത്തിൽ അകിന്യേല സാവ ടെയ്‌ലർ എന്നയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പിന്നീട് ഒരു യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബെലീസിന്റെ മെക്സിക്കോ അതിർത്തിക്കടുത്തുള്ള കൊറോസാൽ എന്ന ചെറുപട്ടണത്തിൽ നിന്ന് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സാൻ പെഡ്രോയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. വിമാനം പറന്നുകൊണ്ടിരിക്കെ തന്നെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്ന് ടെയ്‌ലർ ഭീഷണി മുഴക്കുകയായിരുന്നു. ട്രോപ്പിക് എയർ വിമാനത്തിൽ 14 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരെ ടെയ്‌ലർ കുത്തിയതായി പൊലീസ് കമ്മീഷണർ ചെസ്റ്റർ വില്യംസ് പറഞ്ഞു. പൈലറ്റിനും അക്രമിയെ വെടിവെച്ച യാത്രക്കാനും ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റതിന് പിന്നലെയാണ് യാത്രക്കാരൻ അക്രമിക്ക് നേരെ വെടിയുതിർത്തത്. ഏകദേശം രണ്ട് മണിക്കൂർ സമയം വിമാനം ആകാശത്ത് വട്ടമിട്ട് പറന്നു. ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
പരിക്കേറ്റ യാത്രക്കാരും പൈലറ്റും ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. വെടിയുതിർത്ത യാത്രക്കാരന്റെ നില ഗുരുതരമാണ്. ടെയ്‌ലർ എങ്ങനെയാണ് കത്തിയുമായി വിമാനത്തിൽ കയറിയതെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.