ആഗ്രഹിച്ച മരണം ഹസൂനയെ തേടിയെത്തി; പ്രിയ ഫോട്ടോഗ്രാഫറുടെ വിയോഗത്തിൽ അനുശോചനവുമായി ഗസ്സ
ലോകമെമ്പാടും സഞ്ചരിച്ച ആയിരക്കണക്കിന് ചിത്രങ്ങളാണ് അവർ പകർത്തിയത്
ഒടുവിൽ മരണം ഫാത്തിമ ഹസൂനയെയും തേടിയെത്തി, അവർ ആഗ്രഹിച്ചതുപോലെ. കഴിഞ്ഞ 18 മാസത്തെ യുദ്ധം, മരണങ്ങൾ, കുടിയിറക്കൽ തുടങ്ങിയവ രേഖപ്പെടുത്തുമ്പോഴും ഹസൂന ആഗ്രഹിച്ചിരുന്നത് തന്റെ മരണം ഒരിക്കലും നിശ്ശബ്ദമായിപ്പോകരുതെന്നായിരുന്നു. ‘ഞാൻ മരിക്കുകയാണെങ്കിൽ ഉച്ചത്തിലുള്ള മരണം വേണം, വെറും ബ്രേക്കിംഗ് ന്യൂസോ ഒരു കൂട്ടത്തിലുള്ള സംഖ്യയോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന ഒരു മരണവും കാലത്തിലൂടെ നിലനിൽക്കുന്ന ഒരു ആഘാതവും കാലത്തിനോ സ്ഥലത്തിനോ മറയ്ക്കാൻ കഴിയാത്ത ഒരു കാലാതീതമായ പ്രതിച്ഛായയും എനിക്ക് വേണം’ -ഹസൂന സാമൂഹിക മാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്.
വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ബുധനാഴ്ച വടക്കൻ ഗസ്സയിലെ അവരുടെ വീടിന് നേരെയുണ്ടായ ഇസ്രായേലി വ്യോമാക്രമണത്തിലാണ് 25കാരിയായ ഹസൂന കൊല്ലപ്പെടുന്നത്. ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടു. ഹമാസ് പോരാളിയെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് ഇസ്രായേൽ സൈന്യം ഇതിനെ ന്യായീകരിച്ചത്.
ഫലസ്തീൻ ഫോട്ടോ ജേണലിസ്റ്റായിരുന്ന ഫാത്തിമ ഹസൂനയ്ക്ക് ഫോട്ടോഗ്രാഫി ഒരു തൊഴിൽ മാത്രമായിരുന്നില്ല. യുദ്ധത്തിൽ തകർന്ന നാടിന്റെ യാഥാർത്ഥ്യം ലോകത്തിന് കാണിച്ചുകൊടുക്കാൻ അവരുടെ ചിത്രങ്ങൾക്കായി. 18 മാസത്തെ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തിനിടയിൽ, തന്റെ കാമറയുമായി ഹസൂന ഗസ്സയിലെ ഇടവഴികളിലൂടെ നടന്നു, ഇസ്രായേലിന്റെ ക്രൂരതകൾ കാമറയിൽ പകർത്തി. തകർന്ന വീടുകൾ, ദുഃഖിതരായ കുടുംബങ്ങൾ, അവശിഷ്ടങ്ങൾക്ക് ഇടയിൽ കുട്ടികളുടെ കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കം... ഇതെല്ലാം കാമറ ഒപ്പിയെടുത്തു. ലോകമെമ്പാടും സഞ്ചരിച്ച ആയിരക്കണക്കിന് ചിത്രങ്ങളാണ് അവർ പകർത്തിയത്. ഗസ്സയുടെ ജീവിതത്തിലേക്കും മരണത്തിലേക്കും തുറന്നിട്ട ജാലകമായിരുന്നുവത്.
ഹസൂനയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി കാനിന് സമാന്തരമായി നടക്കുന്ന ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് അവർ കൊല്ലപ്പെടുന്നതിന് 24 മണിക്കൂർ മുമ്പാണ് സംവിധായിക പ്രഖ്യാപിക്കുന്നത്. ഇറാനിയൻ സംവിധായിക സെപിദേ ഫാർസി നിർമിച്ച 'പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്' എന്ന ചിത്രം ഹസൂനയും ഫാർസിയും തമ്മിലുള്ള വീഡിയോ സംഭാഷണങ്ങളിലൂടെ ഗസ്സയുടെ ദുരിതങ്ങളുടെയും ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന്റെയും കഥ പറയുന്നതാണ്.
ഹസൂന കൊല്ലപ്പെട്ടതിനെതിരെ ആഗോളതലത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ മാധ്യമ പ്രവര്‍ത്തകരുടെ സംഘനകളും ആഗോള മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. മാധ്യപ്രവര്‍ത്തകര്‍ മൗനം വെടിയണമെന്ന് യു.എസിലെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) അന്താരാഷ്ട്ര മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഹസൂനയുടെ മരണത്തിൽ ഗസ്സയിൽ നൂറുകണക്കിന് പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.