യുദ്ധത്തിൽ അകന്ന 19 റഷ്യൻ-യുക്രൈൻ കുടുംബങ്ങൾക്ക് ഖത്തറിൽ ഒത്തുചേരൽ
സംഘർഷത്തിൽ അകന്നുപോയവരെ ഒരുമിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഫലമായാണ് ഈ സംഗമം യാഥാർത്ഥ്യമായത്
ദോഹ: റഷ്യ-യുക്രൈൻ സംഘർഷ മേഖലയിൽ നിന്ന് വേർപിരിഞ്ഞ 19 കുടുംബങ്ങൾക്ക് ഒത്തുചേരലിനുള്ള അവസരം ഒരുക്കി ഖത്തർ. സംഘർഷത്തിൽ അകന്നുപോയവരെ ഒരുമിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഫലമായാണ് ഈ സംഗമം യാഥാർത്ഥ്യമായത്. യുദ്ധത്തിന്റെ ദുരിതങ്ങൾ പേറുന്ന കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഖത്തർ ആസൂത്രണം ചെയ്ത ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നടപടി. റഷ്യയുടെയും യുക്രൈനിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ഈ പ്രോഗ്രാമിന്റെ ഭാഗമായി 32 കുട്ടികൾ ഉൾപ്പെടെയുള്ള 19 കുടുംബങ്ങൾ ഈ മാസം 14ന് ദോഹയിലെത്തി. ഈ മാസം 24 വരെ ഇവർ ഖത്തറിൽ ഉണ്ടാകും.
ഈ കുടുംബാംഗങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പുവരുത്തുകയും, ആത്മവിശ്വാസത്തോടെയും സുരക്ഷിതത്വത്തോടെയും പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.
ഖത്തറിന്റെ മധ്യസ്ഥതയിലൂടെ ഇതിനോടകം നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 20 കുടുംബങ്ങൾ ഇതേ ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായി ഖത്തറിൽ എത്തിയിരുന്നു.