ഇറാൻ്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചു; ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്

മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ വിലനല്‍കേണ്ടിവരുമെന്ന് ഐആര്‍ജിസി

Update: 2026-04-22 10:23 GMT

തെഹ്‌റാന്‍: ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ നീട്ടിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുന്ന ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്. ഹോര്‍മുസില്‍ ഇറാന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഒരു കപ്പലിന് നേരെ വെടിവെപ്പുണ്ടായത്. കപ്പല്‍ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. ഇതിന് മുമ്പ് ഒമാന്‍ തീരത്തിന് വടക്കുകിഴക്കായി 15 നോട്ടിക്കല്‍ മൈല്‍ അകലെ മറ്റൊരു കപ്പലിന് നേരെയും വെടിവെപ്പുണ്ടായി. പനാമയുടെ കൊടിവെച്ച എംഎസ്.സി ഫ്രാന്‍സിസ്‌ക എന്ന കപ്പലിന് നേരെയാണ് വെടിവെപ്പുണ്ടായത്. ദമ്മാം തീരത്തു നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. മൂന്നാമതൊരു കപ്പലിന് നേരെ കൂടി വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ സമുദ്രനിയമം നടപ്പാക്കുകയാണെന്നും കപ്പലുകള്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്നും തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

ഇറാന്റെ ആക്രമണത്തില്‍ ഒരു ചരക്ക് കപ്പലിന് സാരമായ തകരാര്‍ സംഭവിച്ചതായി യുകെയുടെ മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ വിലനല്‍കേണ്ടിവരുമെന്ന് ഐആര്‍ജിസി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനെതിരെ പുതിയ ആക്രമണം നടത്തിയാല്‍ തക്കതായ തിരിച്ചടി നല്‍കുമെന്നും ഐആര്‍ജിസി പറഞ്ഞിട്ടുണ്ട്.

വെടിനിര്‍ത്തല്‍ കാലയളവ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിയെങ്കിലും ഹോര്‍മുസില്‍ സംഘര്‍ഷാവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഹോര്‍മുസ് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, തങ്ങള്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഹോര്‍മുസില്‍ തുടരുകയാണെന്ന് യുഎസും പറയുന്നു. ആഗോള അസംസ്‌കൃത എണ്ണ ഉല്‍പ്പാദനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം സ്തംഭിക്കുന്നത് ലോകമാകെ ഊര്‍ജപ്രതിസന്ധിക്ക് കാരണമാകും.

പാക് മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ മുടങ്ങിയെങ്കിലും ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുകയാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്‍ തങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കും വരെ വെടിനിര്‍ത്തല്‍ നീട്ടിയതായാണ് ട്രംപിന്റെ പ്രഖ്യാപനം. ഇസ്‌ലാമാബാദ് ചര്‍ച്ചയില്‍ അന്തിമ കരാറായില്ലെങ്കില്‍ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ഭീഷണിയും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് വ്യക്തമാക്കി ഇറാന്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. യുദ്ധം വീണ്ടും ആരംഭിക്കുകയാണോ എന്ന ആശങ്കകള്‍ക്കിടെയാണ് ട്രംപ് വെടിനിര്‍ത്തല്‍ കാലയളവ് നീട്ടിയത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News