ബാലി: ഇന്തോനേഷ്യയിലെ ബാലിയിലുള്ള ഒരു ആഡംബര റിസോർട്ടിൽ നിന്നും സാധനങ്ങൾ കടത്താൻ ശ്രമിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാലിയിലെ ഗിയാൻയാർ പ്രദേശത്തുള്ള അശ്വര റിസോർട്ട് ഉബുദിലാണ് ഈ നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നത്.
നാല് പേരടങ്ങുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ സംഘം റിസോർട്ടിൽ നിന്നും ചെക്ക്ഔട്ട് ചെയ്യുന്ന സമയത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബാലി ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ഏപ്രിൽ 16 ന് സംഘം റിസോർട്ടിലെത്തി രണ്ട് മുറികൾ ബുക്ക് ചെയ്തത്. ഏപ്രിൽ 19 ന് ചെക്ക് ഔട്ട് ചെയ്തു. ഇവരുടെ മുറിയിൽ നിന്നും ചില സാധനങ്ങൾ കാണാനില്ലെന്ന് ഹോട്ടൽ ജീവനക്കാർക്ക് നേരത്തെ തന്നെ സംശയം തോന്നിയിരുന്നു. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി ലഗേജുകൾ പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചു.
റിസോർട്ട് ജീവനക്കാർ സഞ്ചാരികളുടെ സാന്നിധ്യത്തിൽ അവരുടെ സ്യൂട്ട്കേസുകൾ ഓരോന്നായി തുറന്ന് പരിശോധിക്കുകയും ചെയ്തു. റിസോര്‍ട്ടിലെ മുറിയിലുണ്ടായിരുന്ന ഹെയർ ഡ്രയർ,ടിവി റിമോട്ട്,ഡോർമാറ്റ്,കപ്പുകൾ, പാത്രങ്ങൾ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ, ടവലുകൾ തുടങ്ങിയ സാധനങ്ങളാണ് ജീവനക്കാര്‍ സ്യൂട്ടുകേസുകളില്‍ നിന്ന് പുറത്തെടുത്തത്. ഓരോ വസ്തുക്കള്‍ പുറത്തെടുക്കുന്ന സമയത്തും ഇത് തങ്ങളുടേതാണെന്ന് വാദിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
സംഭവത്തെത്തുടർന്ന് വിനോദസഞ്ചാരികൾ ഹോട്ടൽ ജീവനക്കാരോട് മാപ്പപേക്ഷിക്കുകയും മോഷണം നടത്തിയ വസ്തുക്കൾക്ക് പണം നൽകാമെന്ന് ഏൽക്കുകയും ചെയ്തു. സ്ഥിതി കൂടുതൽ വഷളാക്കാതിരിക്കാൻ റിസോർട്ട് അധികൃതർ പൊലീസിനെ അറിയിക്കുന്നതിന് പകരം വിഷയം ആന്തരികമായി പരിഹരിക്കാൻ തീരുമാനിച്ചു. എടുത്ത സാധനങ്ങൾക്ക് പിഴ ഈടാക്കിയ ശേഷം യാതൊരുവിധ നിയമനടപടികളും കൂടാതെ ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു. അതേസമയം, വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന സഞ്ചാരികളുടെ ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ പ്രതിച്ഛായക്കാണ് മങ്ങലേല്‍പ്പിക്കുന്നതെന്ന് ഉയരുന്ന ഏറ്റവും വലിയ വിമര്‍ശനം. “അവർക്ക് യാത്ര ചെയ്യാൻ കഴിയും, പക്ഷേ സ്വന്തമായി സ്പൂണുകളും ടവലുകളും വാങ്ങാൻ കഴിയുന്നില്ലേ?” എന്നായിരുന്നു ഒരു കമന്‍റ്.
'മറ്റ് രാജ്യങ്ങളിൽ ആളുകൾ നിങ്ങളുടെ ദേശീയതയുടെ പേരിൽ നിങ്ങളെ വിലയിരുത്തുമ്പോൾ അത് വളരെ ലജ്ജാകരമാണ്','വിദേശത്ത് ഇന്ത്യയുടെ അംബാസഡർമാരാണ്, അവരുടെ പെരുമാറ്റവും പ്രവൃത്തിയും എല്ലാ ഇന്ത്യക്കാരെയും പരോക്ഷമായി ബാധിക്കുന്നു, അതിനാൽ ദയവായി പെരുമാറുകയും ശരിയായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുക'- എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.