യുദ്ധവിരുദ്ധ പ്രക്ഷോഭം നടത്തി; 19കാരിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ച് റഷ്യ

യുവ ആക്ടിവിസ്റ്റ് ഡാരിയ കൊസിറേവയെയാണ് ജയിലിലടച്ചത്

Update: 2025-04-20 05:13 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

മോസ്കോ: യുദ്ധവിരുദ്ധ പ്രക്ഷോഭം നടത്തിയ 19കാരിയെ ജയിലിലടച്ച് റഷ്യ. യുക്രൈനെതിരായ റഷ്യയുടെ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച യുവ ആക്ടിവിസ്റ്റ് ഡാരിയ കൊസിറേവയ്ക്കാണ് റഷ്യൻ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഡാരിയ കൊസിറേവ റഷ്യൻ സൈന്യത്തെ ആവർത്തിച്ച് അധിക്ഷേപിച്ചെന്നാണ് കോടതിയുടെ കണ്ടെത്തൽ.

സെന്റ് പീറ്റേഴ്‌സ്ബർഗിലെ സ്മാരകത്തിൽ യുക്രേനിയൻ കവി താരാസ് ഷെവ്‌ചെങ്കോയുടെ കവിതയുടെ ഭാഗങ്ങൾ ഒട്ടിച്ചെന്നും റഷ്യൻ സൈന്യത്തെ അധിക്ഷേപിച്ചെന്നും ആരോപിച്ചായിരുന്നു നടപടി. 'ഓ എന്നെ അടക്കം ചെയ്യൂ, പിന്നെ എഴുന്നേൽക്കൂ / നിങ്ങളുടെ ഭാരമുള്ള ചങ്ങലകൾ തകർക്കൂ / സ്വേച്ഛാധിപതികളുടെ രക്തം കൊണ്ട് നനയ്ക്കൂ / നിങ്ങൾ നേടിയ സ്വാതന്ത്ര്യം' എന്നായിരുന്നു പോസ്റ്റർ. കൊസിറേവയ്ക്ക് രണ്ട് വർഷവും എട്ട് മാസവുമാണ് സെന്റ് പീറ്റേഴ്‌സ്ബർഗ് കോടതി തടവ് ശിക്ഷ വിധിച്ചത്.

കൊസിറോവക്കെതിരെയുള്ള നടപടി സാമ്രാജ്യത്വ സ്വഭാവമുള്ളതാണെന്ന് റഷ്യയിലെ മനുഷ്യാവകാശ സംഘടനകളിലൊന്നായ മെമ്മോറിയൽ പ്രതികരിച്ചു. മെമ്മോറിയലിന്റെ കണക്കനുസരിച്ച് യുദ്ധവിരുദ്ധ നിലപാടിന്റെ പേരിൽ റഷ്യയിൽ തടവിലാക്കപ്പെട്ട 234 പേരിൽ ഒരാളാണ് കൊസിറേവ. 2022 ഡിസംബറിൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴും കൊസിറേവ നിയമനടപടി നേരിട്ടിരുന്നു. യുക്രൈനെതിരായ യുദ്ധത്തിനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചതിനായിരുന്നു അന്ന് നടപടി നേരിട്ടത്.

താൻ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാമെന്നും കൊസിറേവ പറഞ്ഞു. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് കൊസിറേവയുടെ അഭിഭാഷകൻ അറിയിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News