ഗസ്സയിൽ ഇസ്രായേൽ കൊടുംക്രൂരത തുടരുന്നു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 67 പേർ
മുഴുവൻ ബന്ദികളെയും തിരിച്ചെത്തിക്കുക എളുപ്പമല്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഇസ്രായേലിൽ പ്രതിപക്ഷം രംഗത്ത്
ഗസ്സസിറ്റി: ഗസ്സയിൽ കൊടുംക്രൂരത തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കൊല്ലപ്പെട്ടത് 67 ഫലസ്തീനികൾ.
ഭക്ഷണവും കുടിവെള്ളവും അടിയന്തരമായി എത്തിക്കണമെന്ന അഭ്യർഥന തളളിയ ഇസ്രായേൽ, ഗസ്സയിൽ ആക്രമണം കൂടുതൽ ശക്തമാക്കി. പിന്നിട്ട 24 മണിക്കൂറിനിടെ, 67 ഫലസ്തീനികളെയാണ് ഇസ്രായേൽ സേന കൊന്നുതള്ളിയത്. ഖാൻ യൂനുസിൽ 14 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ വെളിപ്പെടുത്തി. തെക്കൻ ഗസ്സയിൽ ഖാൻ യൂനുസ്, റഫ മേഖലകളിൽ ആക്രമണം കൂടുതൽ രൂക്ഷമാണ്.
മവാസിയിൽ സുരക്ഷിത കേന്ദ്രമായി ഇസ്രായേൽ നിശ്ചയിച്ച കേന്ദ്രത്തിൽ നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മാർച്ച് അവസാനം മുതൽ 5 ലക്ഷത്തോളം ഫലസ്തീനികൾ പുതുതായി കുടിയിറക്കപ്പെട്ടതായി യുഎൻ അഭയാർഥി ഏജൻസി അറിയിച്ചു.
ഗസ്സയിൽ ഹമാസിനെ ഇല്ലായ്മ ചെയ്യാതെ യുദ്ധം നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞു. മുഴുവൻ ബന്ദികളെയും തിരിച്ചെത്തിക്കുക എളുപ്പമല്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ ഇസ്രായേലിൽ പ്രതിപക്ഷം രംഗത്തുവന്നു. ബന്ദികളെ കൊലക്ക് കൊടുക്കാനുള്ള പ്രഖ്യാപനമാണിതെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേൽ നഗരമായ തെൽ അവീവിൽ പതിനായിരങ്ങളുടെ റാലി നടന്നു.
യുദ്ധം അവസാനിപ്പിച്ച് ബന്ദികളുടെ മോചനം ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ആവശ്യപ്പെട്ടു. ഇതിനിടെ യുഎസ് ബന്ദി ആഡൻ അലക്സാണ്ടറെ കുറിച്ച് വിവരമില്ലെന്ന് ഹമാസ് അറിയിച്ചു. ഇയാളുടെ സുരക്ഷാ ചുമതലയുള്ള പോരാളി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഹമാസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഹമാസുമായി വെടിനിർത്തൽ കരാറില്ലെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം കടക്കുന്നത് അനുവദിക്കില്ലെന്നും ഇസ്രായേൽ ദേശീയ സുരക്ഷ മന്ത്രി ഇൽതമർ ബെൻ ഗ്വിർ പറഞ്ഞു. വെടിനിർത്താതെ ബന്ദികളെ വിട്ടയക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഹമാസ് നേതാവ് ഖലീൽ ഹയ്യ വ്യക്തമാക്കി.