ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; ഞായറാഴച അർധരാത്രി വരെ യുക്രൈനിൽ ആക്രമണം നടത്തില്ലെന്ന് പുടിൻ
ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ.
മോസ്‌കോ: ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ. സൈനിക മേധാവി വലേരി ഗെർസിനോവിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. റഷ്യയുടെ മാതൃക യുക്രൈൻ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് പുടിൻ പറഞ്ഞു. വെടിനിർത്തലിനോട് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുക്രൈയ്‌നിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും പുടിൻ പറഞ്ഞു. മാനുഷിക ആവശ്യങ്ങൾക്കാണ് വെടിനിർത്തുന്നത്. റഷ്യൻ സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും പ്രതിരോധമന്ത്രാലയം ടെലഗ്രാം സന്ദേശത്തിൽ പറഞ്ഞു.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. അതിനിടെയാണ് പുടിൻ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. സമാധാന ചർച്ചകൾ വൈകുന്നതിൽ ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അതൃപ്തി അറിയിച്ചിരുന്നു. സമാധാനം സാധ്യമാകുന്നില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിൻമാറുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു.
ഈ ആഴ്ചയുടെ തുടക്കത്തിൽ വടക്കൻ യുക്രൈൻ നഗരമായ സുമിയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.