യുഎസ് ആക്രമണം ഇറാന്‍റെ ആണവ പദ്ധതിയെ രണ്ട് വർഷം വരെ വൈകിപ്പിക്കുമെന്ന് പെന്‍റഗൺ

ഇറാന്‍റെ പ്രധാന ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടുവെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം വക്താവ് ഷോൺ പാർനെൽ ആവർത്തിച്ചു

Update: 2025-07-03 07:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്ടൺ: ഇറാനിൽ യു.എസ് നടത്തിയ ആക്രമണം അവരുടെ ആണവ പദ്ധതി ഒന്ന് മുതൽ രണ്ട് വർഷം വരെ വൈകിപ്പിച്ചുവെന്ന അവകാശവാദവുമായി പെന്‍റഗൺ. കഴിഞ്ഞ മാസം മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന്‍റെ ഫലമായി ഇറാന്‍റെ ആണവ പദ്ധതി ഏകദേശം ഒന്ന് മുതൽ രണ്ട് വർഷം വരെ പിന്നോട്ട് പോയതായി സൂചിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ പെന്‍റഗൺ ശേഖരിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പിലെ മുഖ്യ വക്താവ് ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇറാന്‍റെ പ്രധാന ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടുവെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം വക്താവ് ഷോൺ പാർനെൽ ആവർത്തിച്ചു. എന്നാൽ പ്രതിരോധ വകുപ്പിനുള്ളിൽ നിന്നാണ് ഈ വിലയിരുത്തലുകൾ വന്നതെന്ന് പറയുന്നതിനപ്പുറം അതിന്‍റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല.

ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെ കുറിച്ച് പ്രതിരോധ വക്താവ് സീൻ പാർനെല്ലാണ് വിശദീകരിച്ചത്. മൂന്ന് ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ധീരമായ നടപടിയായിരുന്നു ആക്രമണമെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാന്‍റെ ആണവപദ്ധതി രണ്ട് വർഷത്തേക്കെങ്കിലും വൈകിപ്പിക്കാൻ ആക്രമണം മൂലം കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള പാര്‍നെല്ലിന്‍റെ കണക്ക് ട്രംപിന്‍റെ അവകാശവാദങ്ങളെക്കാൾ കൂടുതലാണ്. ഇറാന്‍റെ ഫൊര്‍ദോ പ്ലാന്‍റ് ഉൾപ്പെടെയുള്ളവ അമേരിക്കൻ ബി-2 ബോംബറുകൾ നശിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു.

ഫൊര്‍ദോ ആണവ നിലയത്തിലും മറ്റൊരു ഭൂഗർഭ സൈറ്റിലും അമേരിക്ക GBU-57 ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായും അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ടോമാഹോക്ക് മിസൈലുകൾ മൂന്നാമത്തെ കേന്ദ്രത്തെ ലക്ഷ്യമിട്ടതായും പെന്‍റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കിയിരുന്നു. ആണവ പദ്ധതി പുനരാരംഭിക്കുന്നത് അമേരിക്ക തടയുമെന്ന് യുഎസ് ഡെപ്യൂട്ടി ജെ.ഡി വാൻസ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. "ഭാവിയിൽ ഒരു ആണവായുധം നിർമിക്കുമെങ്കിൽ, അവർക്ക് വീണ്ടും വളരെ ശക്തമായ ഒരു അമേരിക്കൻ സൈന്യത്തെ നേരിടേണ്ടിവരും," എന്നാണ് വാൻസ് പറഞ്ഞത്.

അതേസമയം ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളുടെ ആഘാതം പെരുപ്പിച്ചു കാണിക്കുകയാണെന്ന് ഇറാന്‍റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞത്. ഇസ്രയേലിനെതിരായ ഇറാന്‍റെ വിജയം എന്നാണ് ഖാംനഇ ഒരു ടെലിവിഷൻ പ്രസംഗത്തിൽ വിശേഷിപ്പിച്ചത്.ഇറാൻ ആണവകേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയില്ലെന്ന വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

അതിനിടെ ഏതാനും മാസങ്ങൾക്കുള്ളിൽ ഇറാൻ സമ്പുഷ്ട യുറേനിയം ഉത്പാദിപ്പിക്കാൻ തുടങ്ങുമെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതിയുടെ തലവൻ ഞായറാഴ്ച പറഞ്ഞു."ആണവ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇറാൻ വളരെ സങ്കീർണമായ ഒരു രാജ്യമാണ്. അവരുടെ അറിവോ ശേഷിയോ നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ല."ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. പെന്‍റഗണിന്‍റെ പ്രാഥമിക ഡിഐഎ വിലയിരുത്തലിൽ, ഇറാന് പുതിയ സെൻട്രിഫ്യൂജുകൾ ഉപയോഗിച്ച് സൗകര്യം പുനരാരംഭിക്കാൻ കഴിയുന്നത് മുതൽ ഭാവിയിലെ ഉപയോഗത്തിനായി അത് ഉപേക്ഷിക്കേണ്ടിവരുന്നത് വരെയുള്ള നാശനഷ്ടങ്ങൾ ഉണ്ടാകാമെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News