'ഗസ്സ വെടിനിർത്തൽ നിർദേശത്തിൽ 24 മണിക്കൂറിനകം പ്രതികരിക്കണം'; ഹമാസിനോട് ട്രംപ്
ഹമാസുമായുള്ള 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.
വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്തലിന് താൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ 24 മണിക്കൂറിനകം പ്രതികരിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേലും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ അബ്രഹാം അക്കോഡ് വികസിപ്പിക്കുന്നതിന് സൗദി അറേബ്യയുമായി ചർച്ച നടത്തിയതായും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
ഹമാസുമായുള്ള 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഹമാസ് കരാർ അംഗീകരിച്ചോ എന്ന ചോദ്യത്തിന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപിന്റെ മറുപടി.
ട്രംപുമായുള്ള ചർച്ചക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടുത്ത ആഴ്ച യുഎസിൽ എത്തുന്നുണ്ട്. അതിന് മുമ്പ് വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാൻ ഇസ്രായേലിന് മേൽ യുഎസ് ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ചാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്. സ്ഥിരമായ വെടിനിർത്തൽ വേണമെന്നാണ് ഹമാസ് മുന്നോട്ടുവെക്കുന്ന ആവശ്യം. എന്നാൽ ഹമാസിനെ അവസാനിപ്പിക്കാതെ ആക്രമണം പൂർണമായും നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.