Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വാഷിംഗ്‌ടൺ: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിൽ യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന് (യുഎസ്എഐഡി) നൽകിയിരുന്ന തുക വെട്ടിക്കുറച്ചത് കാരണം 2030 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 14 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുമെന്ന് ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇതിൽ അഞ്ച് വയസ്സിന് താഴെയുള്ള 4.5 ദശലക്ഷത്തിലധികം കുട്ടികളും ഉൾപ്പെടുന്നു.
2025 ജനുവരിയിൽ വീണ്ടും അധികാരത്തിൽ വന്ന ട്രംപ് ഭരണകൂടം യുഎസ്എഐഡി ഫണ്ടിംഗ് 83 ശതമാനം വെട്ടികുറച്ചിരുന്നു. ആറ് ആഴ്ചത്തെ അവലോകനത്തിന് ശേഷം 80 ശതമാനത്തിലധികം USAID പ്രോഗ്രാമുകൾ റദ്ദാക്കിയതായി മാർച്ചിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. ഈ പ്രോഗ്രാമുകൾ ഇപ്പോൾ കർശനമായ നിയന്ത്രണത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ലയിപ്പിച്ചു.
ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ആരോഗ്യ സംരക്ഷണ, മാനുഷിക പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ യുഎസ്എഐഡി വളരെക്കാലമായി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ച വലിയ വെട്ടിക്കുറക്കൽ മലേറിയ, എച്ച്ഐവി/എയ്ഡ്സ്, ക്ഷയം തുടങ്ങിയ രോഗങ്ങളിൽ നിന്നുള്ള തടയാവുന്ന മരണങ്ങൾ കുറയ്ക്കുന്നതിൽ പതിറ്റാണ്ടുകളായി കൈവരിച്ച പുരോഗതിയെ ഇല്ലാതാക്കുമെന്ന് ഗവേഷകർ പറയുന്നു.
രണ്ട് പതിറ്റാണ്ടുകളായി 133 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ ഡാറ്റ വിശകലനം ചെയ്ത ഗവേഷകർ 2001 നും 2021 നും ഇടയിൽ ഏകദേശം 30 ദശലക്ഷം കുട്ടികളുടെ ജീവൻ ഉൾപ്പെടെ 91 ദശലക്ഷം മരണങ്ങൾ തടയാൻ USAID ധനസഹായത്തോടെയുള്ള പരിപാടികൾ കാരണം സാധിച്ചിരുന്നു. യുഎസ്എഐഡിയുടെ പിന്തുണ ഗണ്യമായി ലഭിച്ച രാജ്യങ്ങളിൽ മൊത്തത്തിലുള്ള മരണനിരക്കിൽ 15 ശതമാനം കുറവും കുട്ടികളുടെ മരണത്തിൽ 32 ശതമാനം കുറവും ഈ പരിപാടികൾ മൂലം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഫണ്ടിംഗ് കുറഞ്ഞതിനാൽ, ആ നേട്ടങ്ങൾ ഇല്ലാതാകാനുള്ള സാധ്യതയുണ്ട് എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.