ഗസ്സയിൽ 24 മണിക്കൂറിനിടെ 138 ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ
രണ്ട് സൈനികർ ഗസ്സയിൽ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചു.
ഗസ്സ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 138 ഫലസ്തീനികൾ. 452 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 62 പേർ സഹായവിതരണ കേന്ദ്രത്തിൽ കാത്തിരിക്കുമ്പോഴാണ് ആക്രമണത്തിനിരയായത്. സഹായവിതരണ കേന്ദ്രത്തിൽ എത്തിയ 300 ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ നിരവധിപേർ കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
അതിനിടെ ഗസ്സയിലെ തുഫ മേഖലയിൽ മിസൈൽ ആക്രമണത്തിലൂടെ ഇസ്രായേൽ സൈന്യത്തിന്റെ മെർക്കാവ ടാങ്ക് തകർത്തതായി ഹമാസ് അറിയിച്ചു. ഇസ്രായേലിന്റെ സൈനിക കമാൻഡ് സെന്റർ ആക്രമിച്ചുവെന്നും ഹമാസ് അവകാശപ്പെട്ടു.
തെക്കൻ ഗസ്സയിൽ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചു. 19 കാരനായ അസാഫ് സമിർ ആണ് കൊല്ലപ്പെട്ടത്. രണ്ട് സൈനികർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇസ്രായേൽ സൈനികനാണ് സമിർ.
ഗസ്സയിൽ വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീക്കം നടത്തുന്നതിനിടെയാണ് ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുന്നത്. ഖാൻ യൂനിസിൽ ഫലസ്തീനികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 60 ദിവസത്തെ വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. 24 മണിക്കൂറിനകം ഹമാസ് നിലപാട് വ്യക്തമാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.