ട്രംപും സൈനിക ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് കയറിച്ചെന്നു; സക്കർബർഗിനെ പുറത്താക്കി
വ്യോമസേനയുടെ നെക്‌സ്റ്റ് ജനറേഷൻ ഫൈറ്റർ ജെറ്റ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് നടന്ന ചർച്ചക്കിടെ സക്കർബർഗ് കടന്നുവന്നത് കണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഞെട്ടിയെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. തുടർന്ന് അദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം എപ്പോഴാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ല.
വ്യോമസേനയുടെ നെക്‌സ്റ്റ് ജനറേഷൻ ഫൈറ്റർ ജെറ്റ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് നടന്ന ചർച്ചക്കിടെ സക്കർബർഗ് കടന്നുവന്നത് കണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഞെട്ടിയെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് സക്കർബർഗിനോട് യോഗം നടക്കുന്ന മുറിക്ക് പുറത്തിറങ്ങാനും ഓവൽ ഓഫീസിന് പുറത്ത് കാത്തുനിൽക്കാനും ആവശ്യപ്പെടുകയായിരുന്നു.
അതേസമയം സക്കർബർഗിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ ശരിയല്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ അഭ്യർഥന പ്രകാരം അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സക്കർബർഗ് കടന്നുചെന്നത്. തുടർന്ന് തിരിച്ചിറങ്ങിവന്ന് പ്രസിഡന്റുമായി കൂടിക്കാഴ്ചക്ക് കാത്തിരുന്നു. സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരുന്നു സക്കർബർഗുമായുള്ള കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടിരുന്നതെന്നും വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.