Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഗസ്സയിൽ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്നതിനിടെ 38 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ രാത്രി ഗസ്സയിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഒറ്റരാത്രികൊണ്ട് 82 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 38 പേർ മാനുഷിക സഹായം ലഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങൾക്ക് പുറത്ത് അഞ്ച് പേരും ഗസ്സയിൽ മറ്റ് സ്ഥലങ്ങളിലായി സഹായ ട്രക്കുകൾക്കായി കാത്തിരിക്കുന്നതിനിടെ 33 പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തെക്കൻ ഗസ്സയിലെ അൽ-മവാസി പ്രദേശത്തെ വിശാലമായ ടെന്റ് സിറ്റിയിൽ 15 പേർ ഉൾപ്പെടെ രാത്രിയിൽ നടന്ന വ്യോമാക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു. ഗസ്സ സിറ്റിയിലെ ഒരു സ്കൂൾ ഷെൽട്ടറായി മാറ്റിയ സ്ഥലത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് അറിയിച്ചതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.