'ഉത്തര കൊറിയ ആണവായുധം ഉപേക്ഷിക്കുമെന്ന് യുഎസ് സ്വപ്‌നം കാണേണ്ട'; നയം വ്യക്തമാക്കി കിം ജോങ് ഉന്നിൻ്റെ സഹോദരി

ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തിലേക്ക് നയിക്കാനുള്ള യുഎസിൻ്റെ താല്‍പര്യം 'കാലഹരണപ്പെട്ട വെറും ഭ്രാന്തന്‍ സ്വപ്നം' മാത്രമാണെന്ന് കിം യോ ജോങ്

Update: 2026-06-07 09:15 GMT

പ്യോങ്‌യാങ്: ആണവായുധം ഉപേക്ഷിക്കുക രാജ്യത്തിന്റെ നയമല്ലെന്ന് വ്യക്തമാക്കി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ആണവായുധ രാഷ്ട്രമെന്ന ഉത്തര കൊറിയയുടെ പദവിയില്‍ നിന്ന് ഒരു തിരിച്ചുപോക്കില്ല. ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തിലേക്ക് നയിക്കാനുള്ള യുഎസിന്റെ താല്‍പര്യം 'കാലഹരണപ്പെട്ട വെറും ഭ്രാന്തന്‍ സ്വപ്നം' മാത്രമാണെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തിലേക്ക് നയിക്കാന്‍ ചൈനയുമായി ചേര്‍ന്ന് ശ്രമിക്കുകയാണെന്ന യുഎസിന്റെ വാദങ്ങള്‍ക്കാണ് കിം യോ ജോങ് മറുപടി നല്‍കിയത്.

Advertising
Advertising

'ആണവ നിരായുധീകരണം ഒരിക്കലും ഉത്തര കൊറിയയുടെ മുന്നില്‍ ചര്‍ച്ചയായിട്ടില്ല. അത് പരമാധികാരം, രാജ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഭരണഘടനാപരമാണ്. യുഎസിന്റെ ഏകപക്ഷീയമായ വായ്ത്താരി കൊണ്ടുമാത്രം അത് ഇല്ലാതാകില്ല' -കിം യോ ജോങ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരകൊറിയയില്‍ കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ശക്തയായ വ്യക്തിയാണ് കിം യോ ജോങ്. കിം ജോങ്ങിന് ശേഷം അധികാരത്തിലെത്തുമെന്ന് കരുതപ്പെടുന്ന വ്യക്തി കൂടിയാണ് കിം യോ ജോങ്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് രണ്ട് ദിന സന്ദര്‍ശനത്തിനായി നാളെ ഉത്തര കൊറിയയില്‍ എത്താനിരിക്കെയാണ് ആണവായുധ വിഷയത്തില്‍ രാജ്യം നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തിലേക്ക് നയിക്കുന്നതില്‍ ചൈനയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈയിടെ പറഞ്ഞിരുന്നു. ചൈനീസ് പ്രസിഡന്റ് രാജ്യത്ത് എത്തുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ ആണവ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന സൂചനയാണ് ഉത്തര കൊറിയ നല്‍കിയിരിക്കുന്നത്.

യുഎസ് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ആണവ നിരായുധീകരണമെന്ന ദിവാസ്വപ്‌നം ഉപേക്ഷിക്കണമെന്നുമാണ് കൊറിയയുടെ നിലപാട്. യുഎസുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് ബൈജിങ് നേരിട്ട് തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും യുഎസിന്റെ വാക്കുകള്‍ ആവശ്യമില്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News