രണ്ടല്ല, നാല് ചിറകുകള്‍; ചൈനയില്‍ കണ്ടെത്തിയത് പറക്കും ദിനോസറിൻ്റെ ഫോസില്‍

ഏകദേശം 12 മുതല്‍ 12.4 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഈ ദിനോസറിന് ഗവേഷകര്‍ 'ജിയാന്‍ ചാങ്മായെന്‍സിസ്' എന്നാണ് പേരിട്ടിരിക്കുന്നത്

Update: 2026-06-07 06:14 GMT

ദിനോസറുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഭീമന്‍ ശരീരവും മൂര്‍ച്ചയുള്ള പല്ലുകളുമുള്ള ജീവികളെയാണ് നമ്മള്‍ സാധാരണയായി മനസ്സില്‍ കാണാറുള്ളത്. എന്നാല്‍ ചൈനയില്‍ നിന്ന് ലഭിച്ച പുതിയ ഒരു ഫോസില്‍ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ചൈനയില്‍ കണ്ടെത്തിയ ഒരു പുതിയ ദിനോസര്‍ ഇനത്തിന് രണ്ടല്ല, നാല് ചിറകുകളുണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പ്രശസ്തമായ വെലോസിറാപ്റ്ററിന്റെ അടുത്ത ബന്ധുവായ ഈ ചെറിയ ദിനോസറിന്റെ മുന്‍കാലുകളിലും പിന്‍കാലുകളിലും നീളം കൂടിയ തൂവലുകള്‍ ഉണ്ടായിരുന്നതായി ഫോസില്‍ പഠനത്തില്‍ വ്യക്തമായി. ഇതാണ് അതിന് നാല് ചിറകുകള്‍ പോലുള്ള രൂപം നല്‍കിയത്.

Advertising
Advertising

ഏകദേശം 12 മുതല്‍ 12.4 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഈ ദിനോസറിന് ഗവേഷകര്‍ 'ജിയാന്‍ ചാങ്മായെന്‍സിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനയിലെ ചാങ്മാ ബേസിനില്‍ നിന്നാണ് ഇതിന്റെ ഫോസില്‍ കണ്ടെത്തിയത്. ഇതുവരെ അവിടെ കണ്ടെത്തിയ നൂറിലധികം ഫോസിലുകള്‍ക്കിടയില്‍ കണ്ടെത്തിയ ഏക ദിനോസര്‍ ഫോസില്‍ കൂടിയാണിത്.

നാല് ചിറകുകള്‍ ഉണ്ടായിരുന്നുവെങ്കിലും 'ജിയാന്‍ ചാങ്മായെന്‍സിസ്' പക്ഷികളെ പോലെ ആകാശത്ത് പറന്നിരുന്നു എന്നര്‍ത്ഥമില്ല. മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് അണ്ണാന്‍ ചാടുന്നതുപോലെ തെന്നിപ്പറക്കാനോ വായുവില്‍ ദിശ നിയന്ത്രിക്കാനോ ആയിരിക്കാം ഈ ചിറകുകള്‍ സഹായിച്ചിരുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. പക്ഷികളുടെ പറക്കാനുള്ള ശേഷി എങ്ങനെ പരിണമിച്ചുവെന്ന ചോദ്യത്തിന് പുതിയ സൂചനകള്‍ നല്‍കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകര്‍ പറയുന്നു. 

ഭീമാകാരമായ ജീവികള്‍ മാത്രമായിരുന്നു ദിനോസറുകള്‍ എന്ന ധാരണ മാറ്റിമറിക്കുന്ന നിരവധി ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ദിനോസറുകളില്‍ ചിലതിന് പറക്കാനുള്ള ശേഷി എങ്ങനെ കൈവന്നുവെന്നുള്ള പരിണാമ ചരിത്രം മനസ്സിലാക്കുന്നതില്‍ ചൈനയിലെ ഫോസില്‍ ശേഖരങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News