ലബനാൻ ആക്രമണത്തിന് തിരിച്ചടി; ഇസ്രായേലിൽ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ആക്രമണത്തിന് പിന്നാലെ അമേരിക്കയ്ക്കും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Update: 2026-06-08 01:03 GMT

തെൽ അവിവ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് ഇസ്രായേലിന് നേരെ ഇറാൻ കനത്ത മിസൈൽ ആക്രമണം നടത്തി. പത്തിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ഇറാൻ ഈ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇസ്രായേലിലെ റമത്ത് എയർബേസ് ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ പ്രധാന നീക്കം. ആളപായം സംബന്ധിച്ച് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വ്യോമതാവളത്തിനും സമീപത്തെ കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന് വലിയ തകർച്ച നേരിട്ടതായി ഇറാൻ മാധ്യമങ്ങളും ചില സ്വതന്ത്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ മേഖല വീണ്ടും ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.

Advertising
Advertising

ലബനാനിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ സൈനിക ഇടപെടലുകളും ആക്രമണങ്ങളുമാണ് പെട്ടെന്നുള്ള ഈ മിസൈൽ ആക്രമണത്തിന് കാരണമായതെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ എല്ലാ പരിധികളും ലംഘിച്ചുവെന്നും, ഇതിനുള്ള അനിവാര്യമായ തിരിച്ചടിയാണ് ഇപ്പോഴത്തെ ആക്രമണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് പ്രതികരിച്ചു. ലബനാനിലെ ആക്രമണം തുടർന്നാൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ അമേരിക്കയ്ക്കും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇടപെടുകയോ ഇസ്രായേലിനെ സഹായിക്കുകയോ ചെയ്താൽ പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ആക്രമണം ഇസ്രായേലിൽ മാത്രം ഒതുങ്ങില്ലെന്നും, അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും നേരെ വ്യാപ്തിയുള്ള ആക്രമണങ്ങൾക്ക് തുനിയുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സും താക്കീത് നൽകിയിട്ടുണ്ട്.

ഇറാന്റെ മിസൈൽ ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നൽകാൻ ഇസ്രായേൽ ഒരുങ്ങുന്നതായാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഇസ്രായേൽ പ്രതിരോധ സേന ആരംഭിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ അടിയന്തരമായി ചേർന്ന ഇസ്രായേൽ സുരക്ഷാ മേധാവികളുടെ യോഗത്തിൽ തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ ഉൾപ്പെടെയുള്ളവർ ഉടൻ തിരിച്ചടിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. എന്നാൽ ഇറാനിൽ അടിയന്തര പ്രത്യാക്രമണം നടത്താനുള്ള ഇസ്രായേലിന്റെ നീക്കം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞു. ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംയമനം പാലിക്കാൻ നിർദ്ദേശിച്ചതോടെ തിരിച്ചടിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇസ്രായേൽ തൽക്കാലം പിന്മാറുകയായിരുന്നു.

തെഹ്റാനിൽ നിർണായക ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ ഇസ്രായേലിന്റെ പ്രത്യാക്രമണം വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. കഴിഞ്ഞ മൂന്നുമാസമായി ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ ഇടപെടുന്നുണ്ടെന്നും, എപ്പോൾ തിരിച്ചടിക്കണം എന്നത് അമേരിക്ക തീരുമാനിക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. പ്രശ്നപരിഹാരത്തിനായി ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി അമേരിക്ക ആശയവിനിമയം നടത്തിവരികയാണ്. ഈ ആഴ്ചയ്ക്കകം ഒരു കരാറിൽ എത്തിയില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഏതു നിമിഷവും ഒരു തിരിച്ചടി ഉണ്ടായേക്കാം എന്ന വിലയിരുത്തലിൽ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഭാഗികമായി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഈ ഏറ്റുമുട്ടൽ ആഗോള തലത്തിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News