കെഎഫ്‌സി സ്ഥാപകന്‍ കേണല്‍ സാന്‍ഡേഴ്‌സിൻ്റെ വീട് വില്‍പ്പനക്ക്

കാനഡയിലെ മിസിസാഗ നഗരത്തിലെ വീടാണ് വില്‍പ്പനക്ക് വെച്ചത്

Update: 2026-06-07 10:13 GMT

ടൊറന്റോ: ലോകപ്രശസ്ത ഭക്ഷ്യ ബ്രാന്റായ കെഎഫ്‌സിയുടെ (കെന്റക്കി ഫ്രൈഡ് ചിക്കന്‍) സ്ഥാപകനായ കേണല്‍ സാന്‍ഡേഴ്‌സിന്റെ കാനഡയിലെ മിസിസാഗ നഗരത്തിലെ വീട് വില്‍പ്പനക്ക്. കെഎഫ്‌സിയെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ നിര്‍ണായക സ്ഥാനമുള്ള വീടാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. 15 ലക്ഷം യുഎസ് ഡോളറാണ് വീടിന് വിലയിട്ടിരിക്കുന്നത്.

1952ലാണ് കേണല്‍ സാന്‍ഡേഴ്‌സ് കെഎഫ്‌സിക്ക് തുടക്കമിട്ടത്. 1965ല്‍ കെഎഫ്സിയുടെ അമേരിക്കന്‍ ബിസിനസ് വിറ്റശേഷം, കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് കേണല്‍ സാന്‍ഡേഴ്‌സ് മിസിസാഗയിലേക്ക് താമസം മാറിയത്. 1980ല്‍ മരിക്കുന്നതുവരെ അദ്ദേഹം ഭാര്യ ക്ലോഡിയയോടൊപ്പം ഈ വീട്ടിലായിരുന്നു താമസം. അതുകൊണ്ടുതന്നെ ഈ വീടിനെ കെഎഫ്സിയുടെ ചരിത്രവുമായി നേരിട്ട് ബന്ധമുള്ള ഒരു സ്മാരകമായാണ് പലരും കാണുന്നത്.

Advertising
Advertising

2000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുള്ളതാണ് വീട്. നാല് ബെഡ് റൂമുകളും മൂന്ന് ബാത്ത് റൂമുകളും ഫാമിലി റൂമുകളുമുണ്ട്. 'വളര്‍ന്നുവരുന്ന കുടുംബങ്ങള്‍ക്ക് തലമുറകളായി താമസിക്കാന്‍' എന്നാണ് ബ്രോക്കിങ് സൈറ്റുകളില്‍ വീടിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കെഎഫ്സിയുടെ പരസ്യങ്ങളില്‍ കാണുന്ന വെള്ള സ്യൂട്ടും കറുത്ത ടൈയും ധരിച്ചിരുന്ന കേണല്‍ സാന്‍ഡേഴ്‌സ് ലോകമെമ്പാടുമുള്ള ഫാസ്റ്റ് ഫുഡ് വ്യവസായത്തിന്റെ പ്രതീകമായി മാറിയ വ്യക്തിയാണ്. കെഎഫ്സിയുടെ ഔദ്യോഗിക ലോഗോയിലുള്ള മുഖവും അദ്ദേഹത്തിന്റെതാണ്. വീട് വില്‍പ്പനയ്ക്ക് വന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടി. കെഎഫ്സിയുടെ ആരാധകരും ചരിത്ര പ്രേമികളും ഈ വീടിനെ ഒരു 'ഫാസ്റ്റ് ഫുഡ് ഹെറിറ്റേജ് പ്രോപ്പര്‍ട്ടി' എന്നാണ് വിശേഷിപ്പിക്കുന്നത്. വീടിന് ഔദ്യോഗിക പൈതൃക പദവി ലഭിക്കേണ്ടതായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News