ഗസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്
യുഎസ് നിർദേശം ചർച്ച ചെയ്യുമെന്നും ആക്രമണം പൂർണമായി നിർത്തുകയാണ് വേണ്ടതെന്നും ഹമാസ്
തെൽ അവിവ്: ഗസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന് സമ്പൂർണ യുദ്ധവിരാമ നടപടികളും വ്യവസ്ഥ ചെയ്യുന്ന പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് നിർദേശം ചർച്ച ചെയ്യുമെന്നും ആക്രമണം പൂർണമായി നിർത്തുകയാണ് വേണ്ടതെന്നും ഹമാസ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഞായറാഴ്ച അമേരിക്കയിലെത്തും.
രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന് പൂർണ യുദ്ധവിരാമം ലക്ഷ്യമിട്ടുള്ള നടപടികളുമാണ് അമേരിക്ക മുന്നോട്ടു വെച്ച പുതിയ വെടിനിർത്തൽ നിർദേശത്തിലുള്ളത്. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ ഉപാധികൾ ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞു. എന്നാൽ വെടിനിർത്തലിന്‍റെ മറ്റു വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഹമാസിന് ലഭിക്കാവുന്ന മികച്ച നിർദേശമാണിതെന്നും ട്രംപ് പറഞ്ഞു. രണ്ടു മാസ വെടിനിർത്തൽ കാലയളവിൽ 10 ബന്ദികൾക്കു പുറമെ 18 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് കൈമാറണമെന്നാണ് വ്യവസ്ഥയെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിന് ആനുപാതികമായി ഫലസ്തീൻ തടവുകാരെ വിട്ടയക്കാനും ഗസ്സയിലേക്ക് കൂടുതൽസഹായം ഉറപ്പാക്കാനും ഇസ്രായേൽ തയാറാകും. യുഎസ് സമർപ്പിച്ച പുതിയ നിർദേശം വിലയിരുത്തുമെന്ന് വ്യക്തമാക്കിയ ഹമാസ്, ഇസ്രായേൽ ആക്രമണം പൂർണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി.ശനിയാഴ്ച ചേരുന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ പുതിയ നിർദേശം ചർച്ച ചെയ്യും. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തും. ഗസ്സയിൽ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.
ഇന്നലെ വിവിധയിടങ്ങളിലായി 111 പേരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ സഹായം കാത്തുനിൽക്കുന്നതിനിടെയാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനായി വരിനിൽക്കുന്നവരെ വെടിവെച്ചുകൊല്ലുന്നത് ഇസ്രായേൽ തുടരുകയാണെന്ന് ആംനെസ്റ്റി, ഓക്സ്ഫാം, സേവ് ദ ചിൽഡ്രൻ സംഘടനകൾ കുറ്റപ്പെടുത്തി. ഇന്ധനക്ഷാമം രൂക്ഷമായ ഗസ്സയിൽ ആശുപത്രികളുടെ പ്രവർത്തനം നിർത്തി വെക്കേണ്ട സ്ഥിതിയിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഖാൻ യൂനുസിൽ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും 5 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, ഗസ്സയിലെ വംശഹത്യക്ക് ഇസ്രായേലിന് സഹായം നൽകുന്ന ഏജൻസികളുടെ പട്ടിക യു.എൻ പുറത്തുവിട്ടു. മൈക്രോസോഫ്റ്റ്, അൽഫബെറ്റ്, ആമസോൺ ഉൾപ്പെടെ 48 കോർപ്പറേറ്റ് കമ്പനികളാണ് പട്ടികയിലുള്ളത്.