'നാടുകടത്തലിനിടെ ആ കുടിയേറ്റക്കാരൻ സ്വയം കീറിമുറിച്ച് ഭക്ഷിക്കാൻ തുടങ്ങി'; നരഭോജിയെന്ന് ക്രിസ്റ്റി നോം
വിമാനത്തില്‍ കയറ്റിയപ്പോഴാണ് ഇയാള്‍ സ്വന്തം ശരീരം കടിച്ചു മുറിച്ചത്
ഫ്‌ളോറിഡ: യുഎസില്‍ അനധികൃത കുടിയേറ്റക്കാരിലൊരാളെ നാടുകടത്താനുള്ള ശ്രമത്തിനിടെ അയാള്‍ സ്വന്തം ശരീരം തന്നെ കടിച്ചുമുറിച്ച് ഭക്ഷിക്കാന്‍ തുടങ്ങിയെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം. വിമാനത്തില്‍ കയറ്റിയപ്പോഴാണ് ഇയാള്‍ സ്വന്തം ശരീരം കടിച്ചു മുറിച്ചത്. മാര്‍ഷലുകള്‍ അപ്പോള്‍ തന്നെ ഇയാളെ പുറത്തിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ക്രിസ്റ്റി മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനും ഒപ്പം ഫ്‌ളോറിഡയിലെ 'അലിഗേറ്റര്‍ അല്‍കാട്രാസ്' തടങ്കൽ കേന്ദ്രം സന്ദര്‍ശിച്ചപ്പോൾ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്‍റിൽ (ഐസിഇ) പ്രവര്‍ത്തിക്കുന്ന മാര്‍ഷലുകളാണ് അസ്വസ്ഥതയുണ്ടാക്കുന്ന ഈ സംഭവത്തെക്കുറിച്ച് പറഞ്ഞതെന്ന് ക്രിസ്റ്റി നോം പറഞ്ഞു. കുടിയേറ്റക്കാരന്‍ സ്വന്തം ശരീരം ഭക്ഷിക്കുന്ന ഒരു 'നരഭോജി' ആയിരുന്നെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ ദിവസം, ഐസിഇയുമായി സഹകരിക്കുന്ന ചില മാര്‍ഷലുകളുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. അവര്‍ ഒരു നരഭോജിയെ തടഞ്ഞുവെച്ച് വിമാനത്തില്‍ കയറ്റിവിട്ടു. അവര്‍ അയാളെ സീറ്റിലിരുത്തിയപ്പോള്‍ അയാള്‍ സ്വയം ഭക്ഷിക്കാന്‍ തുടങ്ങി. അവര്‍ക്ക് അയാളെ പുറത്തിറക്കി വൈദ്യസഹായം നല്‍കേണ്ടിവന്നു,' നോം പറഞ്ഞു. കഴിഞ്ഞ ആഴ്ച ഫോക്സ് ന്യൂസ് അവതാരക ജെസ്സി വാട്ടേഴ്‌സുമായുള്ള അഭിമുഖത്തിനിടെയാണ് നോം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സാധാരണ കാര്യം പോലെയാണ് യുഎസ് മാര്‍ഷൽ ഇത് തന്നോട് പറഞ്ഞതെന്നും ക്രിസ്റ്റി നോം കൂട്ടിച്ചേര്‍ത്തു.
വിമർശകർ സൂചിപ്പിക്കുന്നത് പോലെ, നിയമം അനുസരിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെയല്ല, മറിച്ച് ഏറ്റവും മോശം ആളുകളെയാണ് ഇമിഗ്രേഷൻ അധികാരികൾ ലക്ഷ്യമിടുന്നതെന്ന് കാര്യം വിശദീകരിക്കാനാണ് സൗത്ത് ഡക്കോട്ടയുടെ മുൻ ഗവർണര്‍ കൂടിയായ ക്രിസ്റ്റി നോം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
"അമേരിക്കയിലെ നമ്മുടെ തെരുവുകളിൽ കാണുന്ന ഇത്തരത്തിലുള്ള മാനസിക വിഭ്രാന്തിയുള്ള വ്യക്തികളെയാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. അവരെയാണ് പുറത്താക്കാൻ ശ്രമിക്കുന്നത്. മാനസിക വിഭ്രാന്തിയുള്ള ആളുകളാണ് അവര്‍'' ക്രിസ്റ്റി കൂട്ടിച്ചേര്‍ത്തു. എന്നാൽ നോയിമിന്‍റെ അവകാശവാദം സ്ഥിരീകരിക്കുന്ന വിശദാംശങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ഇതുവരെ സ്ഥിരീകരിക്കുകയോ നൽകുകയോ ചെയ്തിട്ടില്ല.
'He called himself a CANNIBAL, ate other people & himself' — Sec Noem explains ICE dealing with LITERAL cannibals@MTodayNews pic.twitter.com/0XxxlG70p3
— The Sacred Blue Tent (@SabrinaGal182) June 28, 2025