26 ദിവസം, ചരിത്രം രചിച്ച് ടുലീപ് ഗാർഡൻ; ഒഴുകിയെത്തിയത് 8.14 ലക്ഷം സന്ദർശകർ
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് നേട്ടമാണ് ഗാർഡൻ സ്വന്തമാക്കിയത്
ശ്രീനഗര്‍: കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ പ്രധാന ഇടങ്ങളിലൊന്നാണ് ടുലീപ് തോട്ടം. ഇന്ത്യയുടെ അഭിമാനവും ഏഷ്യയിലെ ഏറ്റവും വലിയ ടുലീപ് തോട്ടത്തിലേക്ക് 26 ദിവസം കൊണ്ടൊഴുകിയെത്തിയത് 8.14 ലക്ഷം വിനോദ സഞ്ചാരികളാണെന്നാണ് കണക്കുകൾ പറയുന്നത്. ഇത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് നേട്ടമാണ്. സന്ദര്‍ശനം അനുവദിച്ച ആദ്യ 15 ദിവസത്തിനുള്ളില്‍ തന്നെ 4.46 ലക്ഷം പേരാണ് ടൂലിപ് ഷോ കാണാനായെത്തിയത്
ദാൽ തടാകത്തിനും സബര്‍വാന്‍ കുന്നുകള്‍ക്കും ഇടയിലാണ് പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് പൂന്തോട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ രണ്ടാഴ്ച കൊണ്ട് തകര്‍ത്തത് മുന്‍കാല റെക്കോഡുകളാണ്. 2024-ല്‍ 4.2 ലക്ഷം സന്ദര്‍ശകരും, 2023- ല്‍ 3 ലക്ഷം സന്ദര്‍ശകരുമാണ് ഇവിടേക്കെത്തിയത്.
കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ടുലിപ് ഷോ 2025 ഐക്കണിക് ഗാര്‍ഡനില്‍ ഉദ്ഘാടനം ചെയ്തത്. 450 കനാല്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മേഖലയാണിവിടം. 74ലധികം ഇനങ്ങളിലായി 1.7 ദശലക്ഷം ടുലിപ്പ് പൂക്കളാണ് സന്ദര്‍ശകരെ വരവേറ്റത്.എല്ലാ വര്‍ഷവും ശൈത്യ കാലത്തിന് ശേഷം മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലായി ഒരു മാസത്തേക്കാണ് ടുലിപ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കാറുള്ളത്. സീസണ്‍ അവസാനിച്ചതോടെ ഇന്നലെ ഗാര്‍ഡന്‍ അടച്ചിട്ടു.
2007 ൽ ഇന്ദിരാ ഗാന്ധിയുടെ ഓര്‍മയ്ക്കായാണ് ടുലിപ് തോട്ടം നിര്‍മിച്ചത്. തുടക്കത്തില്‍ 50,000 ടുലിപ് ചെടികളുണ്ടായിരുന്നു. സന്ദര്‍ശകര്‍ വർദ്ധിച്ചതോടെയാണ് തോട്ടം വിപുലമാക്കിയത്.