റോഡിലേക്ക് ഇറങ്ങുമ്പോൾ ഓർക്കുക; കുവൈത്തിൽ നാളെ മുതൽ പുതിയ ഗതാഗത നിയമം
മാറുന്നത് 48 വർഷം പഴക്കമുള്ള നിയമം
കുവൈത്ത് സിറ്റി: കുവൈത്തിൽ നാളെ മുതൽ പുതിയ ഗതാഗത നിയമം. 1976-ലെ ഗതാഗത നിയമങ്ങളിൽ വരുത്തിയ ഭേദഗതികളാണ് നാളെ മുതൽ പ്രാബല്യത്തിൽ വരിക. 2025-ലെ അഞ്ചാം നമ്പർ ഡിക്രി നിയമമാണ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ 48 വർഷം പഴക്കമുള്ള ഗതാഗത നിയമമാണ് മാറുന്നത്. പുതുക്കിയ ഗതാഗത നിയമങ്ങൾ അനുസരിച്ച് വാഹന ലൈസൻസുകൾ, അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിൽ അമിത ശബ്ദം ഉണ്ടാക്കൽ, വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടൽ, റോഡിൽ വാഹനം ഉപേക്ഷിക്കൽ എന്നിവ കുറ്റകരമായ പ്രവൃത്തികളായി കണക്കാക്കും.
ലൈസൻസ് ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ രണ്ട് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവും 150 മുതൽ 300 ദിനാർ വരെ പിഴയും ചുമത്തും. വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവർക്ക് മൂന്ന് മാസം തടവും 150 ദിനാർ പിഴയും ലഭിക്കും. അശ്രദ്ധമായോ നിയന്ത്രണാതീതമായോ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷത്തിൽ കൂടുതൽ തടവും 3,000 ദിനാർ വരെ പിഴയും ചുമത്തും. ബ്രേക്കില്ലാതെ വാഹനം ഓടിക്കുന്നതിന് രണ്ട് മാസം തടവും 200 ദിനാർ വരെ പിഴയും ലഭിക്കും. നടപ്പാതയിൽ വാഹനം ഓടിച്ചാൽ ഒരു മാസം തടവും 100 ദിനാർ വരെ പിഴ ചുമത്തും. ആവശ്യമായ ലൈറ്റുകൾ ഓണാക്കാതെ വാഹനം ഓടിച്ചാൽ 45 മുതൽ 75 ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. പൊലീസ്, ആംബുലൻസുകൾ, ഫയർ ട്രക്കുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ എന്നിവക്ക് വഴിമാറാതിരിക്കുന്നതും പിന്തുടരുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
നിയമവിരുദ്ധ റേസിംഗിനും അപകടകരമായ ഡ്രൈവിംഗിനും 150 ദിനാർ പിഴ
നിയമവിരുദ്ധ റേസിംഗിനും അപകടകരമായ ഡ്രൈവിംഗിനും 150 ദിനാർ പിഴ നൽകേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പെർമിറ്റ് ഇല്ലാതെ പൊതു റോഡുകളിൽ മോട്ടോർ വാഹന റേസുകൾ നടത്തുന്നവർ, പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്നവർ, അശ്രദ്ധമായി വാഹനങ്ങളിൽ ഒത്തുചേരുന്നവർ - മറ്റുള്ളവരെയും സ്വന്തത്തെ തന്നെയും അപകടത്തിലാക്കുന്നവർ- എന്നിവർക്ക് സെറ്റിൽമെന്റ് ഓർഡർ പ്രകാരം 150 ദിനാർ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, കേസ് കോടതിയിലേക്ക് റഫർ ചെയ്താൽ, ഒരു വർഷം മുതൽ പരമാവധി മൂന്ന് വർഷം വരെ തടവ്, 600 മുതൽ 1,000 ദിനാർ വരെ പിഴ അല്ലെങ്കിൽ രണ്ട് ശിക്ഷയും നേരിടേണ്ടി വന്നേക്കും.
അതേസമയം, ഡ്രൈവിംഗിനിടെ മൊബൈൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളോ മറ്റേതെങ്കിലും ഹാൻഡ്ഹെൽഡ് ഉപകരണമോ ഉപയോഗിക്കുക, അല്ലെങ്കിൽ ഡ്രൈവ് ചെയ്യുമ്പോൾ റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുകയോ ചെയ്താൽ 75 കുവൈത്ത് ദിനാറാണ് സെറ്റിൽമെന്റ് ഓർഡർ.
കേസ് കോടതിയിലേക്ക് റഫർ ചെയ്യപ്പെട്ടാൽ, മൂന്നു മാസത്തിൽ കൂടാത്ത തടവും 150 ദിനാറിൽ കുറയാത്തതും 300 ദിനാറിൽ കൂടാത്തതുമായ പിഴയും അല്ലെങ്കിൽ ഈ രണ്ടിലൊരു ശിക്ഷയും ലഭിക്കും.
വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 30 കുവൈത്ത് ദിനാറാണ് സെറ്റിൽമെന്റ് ഓർഡർ. കേസ് കോടതിയിലേക്ക് റഫർ ചെയ്യപ്പെട്ടാൽ ഒരു മാസത്തിൽ കൂടാത്ത തടവും 50 ദിനാറിൽ കുറയാത്തതും 100 ദിനാറിൽ കൂടാത്തതുമായ പിഴയും അല്ലെങ്കിൽ ഈ രണ്ടിലൊരു ശിക്ഷയും ലഭിക്കും. സീറ്റ് ബെൽറ്റ് ധരിക്കുന്നത് അപകടത്തെ തുടർന്ന് മരണവും ഗുരുതര പരിക്കുമുണ്ടാകുന്നത് 50% വരെ കുറയ്ക്കുമെന്നും അധികൃതർ പറഞ്ഞു. പുതിയ ട്രാഫിക് നിയമത്തെക്കുറിച്ച് അവബോധം നൽകാനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിപുല പ്രചാരണം നടത്തിയിരുന്നു. ഒന്നിലധികം ഭാഷകളിൽ ബ്രോഷറുകൾ പ്രസിദ്ധീകരിച്ചു.
നാളെ മുതൽ 12 കുറ്റകൃത്യങ്ങൾക്ക് വാറന്റില്ലാതെ പിടിവീഴും!
- മദ്യപിച്ചോ ലഹരിവസ്തുക്കൾ ഉപയോഗിച്ചോ വാഹനം ഓടിക്കൽ
- വാഹനാപകടത്തിൽ പരിക്കോ മരണമോ സംഭവിക്കൽ
- അനുമതിയില്ലാതെ റോഡുകളിൽ മോട്ടോർ വാഹന റേസിൽ പങ്കെടുക്കൽ
- അപകടം വരുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുക
- മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധി ലംഘിക്കൽ
- അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ബഗ്ഗികൾ ഓടിക്കൽ
- ചുവപ്പ് സിഗ്നൽ മറികടക്കുക
- അനുവദനീയമല്ലാത്ത ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കൽ
- അനുമതിയില്ലാതെ പണം വാങ്ങി യാത്രക്കാരെ കൊണ്ടുപോവുക
- അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കുക
- ലൈസൻസില്ലാതെ വാഹനം ഓടിക്കുക
- നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക
1,109 പുതിയ കാമറകൾ; ഒരുക്കം പൂർണം
പുതിയ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിനായുള്ള ഒരുക്കം ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കിയിരുന്നു. ഗതാഗത ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാൻ 1,109 പുതിയ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അധികൃതർ അറിയിച്ചു. മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മുന്നിലെ സീറ്റിൽ കുട്ടികളെ ഇരുത്തൽ, അമിതവേഗത, റെഡ് സിഗ്‌നൽ ലംഘനം എന്നിവ ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ പുതിയ കാമറകൾ വഴി നിരീക്ഷിക്കും. ഇതിൽ 413 നിരീക്ഷണ കാമറകൾ തെരുവുകളിലെ ഗതാഗത നിയന്ത്രണത്തിനും 421 ഫിക്‌സഡ് ട്രാഫിക് കാമറകൾ അമിതവേഗത നിരീക്ഷിക്കാനും 252 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ മറ്റ് ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പ്രവർത്തിക്കും.
അതോടൊപ്പം പോയിന്റ്-ടു-പോയിന്റ് കാമറകൾ അബ്ദാലി റോഡ്, ജാബർ ബ്രിഡ്ജ്, ദോഹ ലിങ്ക്, അൽ-താവുൻ സ്ട്രീറ്റ്, ഫഹാഹീൽ റോഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കാമറ കണ്ടെത്തലുകളും ഓഡിറ്റ് ചെയ്ത ശേഷം മാത്രമേ നിയമ നടപടികൾ കൈക്കൊള്ളൂ.
സ്ഥിരം നിയമലംഘകർ കോടതി കയറേണ്ടിവരും
കുവൈത്തിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതോടെ സ്ഥിരം ഗതാഗത നിയമലംഘകർ കോടതി കയറേണ്ടിവരും. സാധാരണ ഗതിയിലുള്ള പിഴകൾ ജനറൽ ട്രാഫിക് വകുപ്പ് സ്വീകരിക്കുമെന്നും എന്നാൽ നിരവധി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിയമലംഘകരെ കോടതിയിലേക്ക് റഫർ ചെയ്യുമെന്നും ജനറൽ ട്രാഫിക് വകുപ്പിലെ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു. അൽ-അഖ്ബർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുമ്പ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയിലേക്ക് റഫർ ചെയ്യുന്ന ഗുരുതര ലംഘനങ്ങൾക്ക് 600 ദിനാർ മുതൽ 1,000 ദിനാർ വരെ പിഴയും ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കുമെന്നും ബ്രിഗേഡിയർ അൽസുബ്ഹാൻ വിശദീകരിച്ചു. കോടതിയിലെത്തിയാൽ പിഴ കൂടുമെന്നും പറഞ്ഞു.
റെഡ് സിഗ്നൽ ലംഘനത്തിനുള്ള പിഴ 150 ദിനാറാണ്. എന്നാൽ ഈ കേസ് കോടതിയിലേക്ക് റഫർ ചെയ്താൽ, പിഴ 600 ദിനാറിൽ കുറയില്ല. അശ്രദ്ധമായ ഡ്രൈവിംഗ്, റേസിംഗ്, റെഡ് സിഗ്നൽ നിയമലംഘനം, ഹൈവേകളിലോ റിംഗ് റോഡുകളിലോ എതിർ ദിശയിൽ വാഹനമോടിക്കൽ, 'പിന്നോട്ട്' വാഹനമോടിക്കൽ എന്നിവയാണ് ഗുരുതര ലംഘനങ്ങൾ.
ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ യൗം'ൽ പുതിയ നിയമം പ്രസിദ്ധീകരിച്ചതായി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പുതിയ ട്രാഫിക് നിയമങ്ങൾ രാജ്യത്തെ ഗതാഗത സുരക്ഷ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.