സാങ്കേതിക പ്രശ്‌നം പരിഹരിച്ചു; എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഐഎക്‌സ് 446 നാല് മണിക്കൂർ വൈകി പുറപ്പെട്ടു
വൈകിട്ട് 6.25 ഓടു കൂടിയാണ് പ്രശ്നം പരിഹരിച്ചത്
സലാല: സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഐഎക്‌സ് 446 നാല് മണിക്കൂർ വൈകി പുറപ്പെട്ടു. ഇന്ന് രണ്ട് മണിക്ക് കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഐഎക്‌സ് 446 സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് വൈകിയിരുന്നു. വൈകിട്ട് 6.25 ഓടു കൂടി പ്രശ്‌നം പരിഹരിച്ച് മുഴുവൻ യാത്രക്കാരുമായി കൊച്ചിയിലേക്ക് പുറപ്പെട്ടതായി യാത്രക്കാർ പറഞ്ഞു.
കൊച്ചിയിൽനിന്ന് രാവിലെ 10.30 ന് പുറപ്പെട്ട് 1.05ന് സലാലയിലെത്തി ഇവിടുന്ന് ക്യത്യസമയത്ത് തിരികെ പുറപ്പെടാനൊരുങ്ങി റൺവെയിലെത്തിയതിന് ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് വിമാനം പാർക്ക് ബേയിലേക്ക് മാറ്റി യാത്രക്കാരെ ഇറക്കുകയായിരുന്നു. കുടുംബങ്ങളും കുട്ടികളുമുൾപ്പടെ വിമാനത്തിലെ സീറ്റുകൾ ഏകദേശം പൂർണമാണ്. വിമാനത്തിൽ കയറ്റിയ യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തിറക്കിയതെന്ന് യാത്രക്കാരനായ സജീബ് ജലാൽ പറഞ്ഞു. വൈകിയാണെങ്കിലും ഇന്ന് തന്നെ യാത്ര തിരിക്കാനായതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ.