വിനോദസഞ്ചാരം: ഒമാനിൽ ടൂറിസ്റ്റുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ

ടൂറിസം മന്ത്രാലയമാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്

Update: 2025-04-22 14:16 GMT
Advertising

മസ്‌കത്ത്: ഒമാനി ഗ്രാമങ്ങളിലേക്കും ഓഫ് റോഡ് സ്ഥലങ്ങളിലേക്കുമുള്ള ടൂറിസ്റ്റുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ടൂറിസം മന്ത്രാലയം. മാന്യമായ വസ്ത്രധാരണം നടത്തുക, വാഹനങ്ങളിൽ ജി.പി.എസ് ട്രാക്കറുകൾ സ്ഥാപിക്കുക തുടങ്ങി നിരവധി നിർദേശങ്ങളാണ് നൽകിയത്. സുൽത്താനേറ്റിലുടനീളം ഉത്തരവാദിത്തവും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒമാനിലെ ഗ്രാമങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ഓഫ്-റോഡ് സ്ഥലങ്ങൾ, സാംസ്‌കാരിക സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട പൊതു മാർഗനിർദേശങ്ങളാണ് പൈതൃക, ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കും കാൽമുട്ടുകളും തോളുകളും മൂടുന്ന വസ്ത്രം നിർബന്ധമാണ്. ഒമാന്റെ ശാന്തതയും മറ്റും പാലിക്കുന്നതിനായി ശബ്ദം പരമാവധി കുറക്കണം. ആളുകളുടെ ഫോട്ടോ എടുക്കുന്നതിനോ സ്വകാര്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ മുമ്പ് അനുവാദം ചോദിക്കണം, ഗൈഡിന് ടൂറിസം മന്ത്രാലയം നൽകുന്ന സാധുവായ ടൂർ ഗൈഡ് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന മാർഗ നിർദേശങ്ങൾ.

ഗ്രാമങ്ങൾ സന്ദർശിക്കുന്നവർ ജൈവ വൈവിധ്യത്തെ നശിപ്പിക്കരുതെന്നും ഗ്രാമീണരുടെ കൃഷിയിടത്തിൽ നിന്ന് ഫലങ്ങൾ പറിക്കരുതെന്നും ജലസ്രോതസ്സ് മലിനമാക്കരുതെന്നും നിർദേശമുണ്ട്. വാഹനങ്ങൾ ഗ്രാമീണർക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യരുതെന്നും മന്ത്രാലയം പറയുന്നു. മരുഭൂമി സഫാരി നടത്തുന്നവർക്ക് വാഹനങ്ങളിൽ ജി.പി.എസ് ട്രാക്കറുകളും സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ഓഫ്-റോഡ് യാത്രക്ക് 4WD വാഹനങ്ങൾ മാത്രം ഉപയോഗിക്കുക തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News