'ആവേശ' ജയം; മുംബൈയെ വീഴ്ത്തി ലഖ്‌നൗ

ലഖ്‌നൗ ജയം 12 റണ്‍സിന്

Update: 2025-04-04 18:19 GMT
Advertising

ലഖ്‌നൗ: അവസാന ഓവർ വരെ ആവേശം അലതല്ലിയ പോരില്‍ മുംബൈയെ വീഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. 12 റൺസിനാണ് ഋഷഭ് പന്തിന്റേയും സംഘത്തിന്റേയും വിജയം. ലഖ്‌നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണമെന്നിരിക്കേ വെറും ഒമ്പത് റൺസ് മാത്രം വിട്ടുനൽകിയ ആവേശ് ഖാൻ കളി ലഖ്‌നൗവിന് തിരിച്ച് നൽകി. നേരത്തേ അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിനേയും ആവേശ് ഖാൻ പുറത്താക്കിയിരുന്നു.

നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ അർധ സെഞ്ച്വറി നേടിയ മിച്ചൽ മാർഷിന്റേയും എയ്ഡൻ മാർക്രമിന്റേയും മികവിലാണ് കൂറ്റൻ സ്‌കോർ ഉയർത്തിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ആയുഷ് ബധോനിയും ഡേവിഡ് മില്ലറും ലഖ്‌നൗ സ്‌കോർബോർഡിന് നിർണായക സംഭാവനകൾ നൽകി. ബധോനി 19 പന്തിൽ 30 റൺസെടുത്തപ്പോൾ മില്ലർ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 14 പന്തിൽ 27 റൺസടിച്ചെടുത്തു. 31 പന്തിൽ 60 റൺസെടുത്ത മാർഷ് തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. മാർക്രം 38 പന്തിൽ 53 റൺസടിച്ചെടുത്തു. മുംബൈക്കായി ഹർദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് പോക്കറ്റിലാക്കി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ റിയാൻ റിക്കിൾട്ടണേയും വിൽ ജാക്‌സിനേയും മുംബൈക്ക് വേഗത്തില്‍ നഷ്ടമായി. പിന്നീട് ക്രീസിലൊന്നിച്ച നമൻ ധീറും സൂര്യ കുമാർ യാദവും ചേർന്ന് സ്‌കോറുയർത്തി. എന്നാൽ 24 പന്തിൽ 46 റൺസെടുത്ത നമൻ ധീറിനെ ദിഗ്വേഷ് റാതി വീഴ്ത്തി. പിന്നെയെത്തിയവർക്കൊന്നും അധികം സംഭാവനകൾ നൽകാനായില്ല. സൂര്യകുമാര്‍ യാദവിന്‍റെ ഒറ്റയാള്‍ പോരാട്ടവും വിഫലമായി. 43  പന്തില്‍ 67 റണ്‍സെടുത്ത സൂര്യ 17ആം ഓവറില്‍ കൂടാരം കയറി.  ഇംപാക്ട് പ്ലെയറായെത്തിയ തിലക് വർമ അവസാന ഓവറുകളിൽ സ്‌കോർ കണ്ടെത്താൻ പ്രയാസപ്പെട്ട് റിട്ടയറാവുന്ന കാഴ്ച്ചക്കും ഏകനാ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കും ടീമിനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായില്ല. നാല് മത്സരങ്ങളിൽ മൂന്നും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ലഖ്‌നൗ ആവട്ടെ നാലിൽ രണ്ടും ജയിച്ച് ആറാം സ്ഥാനത്തേക്ക് കയറി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News