‘കെഎൽ രാഹുലിന്റെ വിധിയോ പന്തിനും?’; സഞ്ജീവ് ഗോയങ്കെയും പന്തും തമ്മിലുള്ള ചിത്രം വൈറൽ
ന്യൂഡൽഹി: ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കെ ടീം ക്യാപ്റ്റനായ കെഎൽ രാഹുലിനെ ശകാരിക്കുന്ന ചിത്രം കഴിഞ്ഞ ഐപിഎൽ കാലത്ത് ഒരുപാട് ചർച്ചയായിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്നായിരുന്നു മത്സരശേഷം ഗോയങ്കെ രാഹുലിനോട് കയർത്തത്. ഈ വിഷയത്തിൽ രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരും എത്തിയിരുന്നു.
എന്തായാലും പോയ ഐപിഎൽ ലേലത്തിന് മുന്നോടിയായി കെഎൽ രാഹുലിനെ ലഖ്നൗ റിലീസ് ചെയ്തു. രാഹുലിനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങിയപ്പോൾ ഡൽഹിക്കാരനായിരുന്ന ഋഷഭ് പന്താണ് ലഖ്നൗവിലെത്തിയത്. 27 കോടിയെന്ന റെക്കോർഡ് തുകയാണ് പന്തിനായി ലഖ്നൗ എറിഞ്ഞത്.
സീസണിൽ കളിച്ച മൂന്നെണ്ണത്തിൽ രണ്ടിലും പരാജയപ്പെട്ടതിന് പിന്നാലെ പന്തിനോട് ഗോയങ്കെ മൈതാനത്ത് വെച്ച് സംസാരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. കെഎൽ രാഹുലിന്റെ വിധിയാണോ ലഖ്നൗവിൽ പന്തിനെയും കാത്തിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഈ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി നിരവധി പേരെത്തി.
മുൻ ഇന്ത്യൻ താരവും 1983ലെ ലോകകപ്പ് നേടിയ ടീം അംഗവുമായ മദൻലാൽ എക്സിൽ കുറിച്ചതിങ്ങനെ. ‘‘ റിഷഭ് പന്തും സഞ്ജീവ് ഗോയങ്കയും തമ്മിൽ നടന്ന ചർച്ചകൾ എന്തൊക്കെയാണെന്ന് എനിക്കറിയില്ല. പക്ഷേ ഇതെല്ലാം അടച്ചിട്ട മുറിയിലാണ് നടക്കേണ്ടത്. കളിക്കാർ മത്സരം ആസ്വദിക്കുകയും ഭാരമില്ലാതെ കളിക്കുകയും ചെയ്യട്ടെ. ട്വന്റി 20എന്നത് പ്രവചനാതീതമായ ഒരു കളിയാണ്‘‘.
ടീമിന്റെ മോശം പ്രകടനത്തിനൊപ്പം റിഷഭ് പന്തിന്റെ പ്രകടനവും ദയനീയമാണ്. മൂന്ന് മത്സരങ്ങളിൽ നിന്നായി 17 റൺസ് മാത്രമാണ് പന്തിന്റെ സമ്പാദ്യം.