ആദ്യ കളി വിജയിച്ചു, പക്ഷേ ഇങ്ങനെ കളിച്ചാൽ മതിയോ?
വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ചിന്തിക്കാൻ ഏറെയുണ്ട്. കാര്യമായ തയ്യാറെടുപ്പുകളില്ലാതെ എത്തിയ ഇന്റർ കാശിക്കെതിരെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് വല്ലാതെ വിയർത്തു
പൂനെ: സംപ്രേഷണാവകാശമോ സ്പോൺസർഷിപ്പോ ഇല്ലാതെ പ്രതിസന്ധിയിലായ ഐ.എസ്.എൽ നിർത്തിവെക്കാൻ ആലോചിച്ചിരുന്നോ എന്ന് ഏതൊരാളും അത്ഭുതപ്പെട്ടുപോകുന്ന കാഴ്ചയാണ് പൂനെയിൽ കണ്ടത്. ഇന്റർ കാശി - കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിന്റെ യൂട്യൂബ് ലൈവ് വ്യൂസ് മാത്രം എത്തിയത് ഒരു കോടി ഇരുപത് ലക്ഷത്തിലേക്ക്! ഒപ്പം ഇൻസ്റ്റാഗ്രാം റീലുകളിലും സോഷ്യൽ മീഡിയയിലാകെയും മഞ്ഞക്കടൽ ഇരമ്പുന്നു. മാനേജ്‌മെന്റ് മാറിയതോടെ പുതിയൊരു യുഗമെന്ന വലിയ പ്രതീക്ഷയിൽ മലയാളക്കര വീണ്ടും മഞ്ഞയിൽ ആറാടുകയാണ്.
മൈതാനത്ത് പരസ്പരം മനസ്സിലാക്കാൻ പോലും വേണ്ടത്ര സമയം ലഭിക്കാത്ത പുതിയ താരനിര, പേരിനു മാത്രമൊരു പ്രീ-സീസൺ... എന്നിട്ടും പ്രതിസന്ധികളുടെ മുനയൊടിച്ച് ഇന്റർകാശിക്കെതിരെ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം പിടിച്ചെടുത്തു. അബദ്ധങ്ങളും പിഴവുകളും എണ്ണിപ്പറയാൻ ഏറെയുണ്ടെങ്കിലും അക്കൗണ്ടിൽ മൂന്ന് പോയിന്റും ക്ലീൻ ഷീറ്റുമുണ്ട്. എന്നാൽ സ്കോർബോർഡ് പറയാത്ത ഒട്ടനവധി യാഥാർത്ഥ്യങ്ങൾ മൈതാനത്ത് കാണാനുണ്ടായിരുന്നു.
ലൂണയില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ്; ക്യാപ്റ്റൻ ആംബാൻഡ് വിബിന്
മത്സരത്തിന് തൊട്ടുമുമ്പ് ടീം ലൈനപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ മുഖ്യ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് വലിയൊരു അമ്പരപ്പാണ് സമ്മാനിച്ചത്. പതിവ് ഫോർ-മാൻ ഡിഫൻസിന് പകരം മൂന്ന് സെന്റർ ബാക്കുകളെ അണിനിരത്തിയുള്ള പരീക്ഷണ ലൈനപ്പാണ് അദ്ദേഹം പരീക്ഷിച്ചത്. പ്രതിരോധക്കോട്ടയിൽ ഹോർമിപാമിനും പുതിയ ഇംഗ്ലീഷ് താരം ജെയിംസ് ബോൾട്ടനും ഒപ്പം ഇന്ത്യൻ അണ്ടർ-20 ക്യാപ്റ്റൻ സുമിത് ശർമ്മയും ഇടംപിടിച്ചു. ഗോൾവല കാക്കാൻ അർഷ് അൻവർ ഷെയ്ഖ്. മധ്യനിരയിൽ കളി മെനയാൻ ഡബിൾ പിവറ്റുകളായി വിബിൻ മോഹനനും കൊസോവിച്ചും. അവർക്ക് തൊട്ടുമുന്നിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായി ബോക്സ്-ടു-ബോക്സ് വർക്ക്റേറ്റുമായി ഫ്രെഡി ലല്ലാവ്മൗമ. ഇരു വിങ്ങുകളിലുമായി കൊറൗ സിങ്ങും മുൻ ആസ്റ്റൺ വില്ല താരം ആന്ദ്രേ ഗ്രീനും. മുന്നേറ്റത്തിൽ കുന്തമുനയായി ശ്രീക്കുട്ടൻ എം.എസ്.
എന്നാൽ, ലൈനപ്പ് വന്നപ്പോൾ മലയാളി ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം തിരഞ്ഞത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെയായിരുന്നു. ആദ്യ ഇലവനിൽ പോയിട്ട് പകരക്കാരുടെ ബെഞ്ചിൽ പോലുമില്ല! ലൂണയുടെ ഉപ്പൂറ്റിയിൽ കുമിളകൾ വന്നതിനാൽ പൂനെയിലെ പരുക്കൻ പിച്ചിൽ കളിപ്പിച്ച് റിസ്ക് എടുക്കാതിരുന്നതാണെന്ന് പിന്നീട് കോച്ച് വ്യക്തമാക്കി. ലൂണയുടെ അഭാവത്തിൽ ക്യാപ്റ്റന്റെ മഞ്ഞ ആംബാൻഡ് അണിഞ്ഞ് ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ കോച്ച് തിരഞ്ഞെടുത്തത് മലയാളി യുവതാരം വിബിൻ മോഹനനെയാണ്. സ്വന്തം അക്കാദമി താരത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി അത് മാറി.
കൊറൗവിന്റെ മുന്നേറ്റം, വിബിന്റെ ക്ലിനിക്കൽ ഫിനിഷിംഗ്
തുടക്കത്തിൽ ഇരുടീമുകളെയും വല്ലാതെ അലോസരപ്പെടുത്തിയത് പുനെ ബാലെവാഡി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് കണ്ടീഷനാണ്. പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്യുന്ന, വിദേശ താരങ്ങൾക്ക് ഒട്ടും പരിചിതമല്ലാത്ത പരുക്കൻ സാഹചര്യം. എങ്കിലും ഗാലറിയിലെ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
കളി തുടങ്ങി 18-ാം മിനിറ്റിൽ സ്റ്റേഡിയം ഇളകിമറിഞ്ഞു. മധ്യനിരയിൽ നിന്ന് ഫ്രെഡി തുടങ്ങി വെച്ച നീക്കം എത്തിയത് വലതു വിങ്ങിൽ കൊറൗ സിങ്ങിന്റെ കാലുകളിലേക്ക്. ബോക്സിലേക്ക് തുളച്ചുകയറിയ കൊറൗ, പെനാൽറ്റി ബോക്സിന്റെ മധ്യത്തിലേക്ക് കൃത്യതയാർന്ന കട്ട്-ബാക്ക് പാസ് നൽകി. അവിടെ മാർക്ക് ചെയ്യപ്പെടാതെ ഓടിയെത്തിയ ക്യാപ്റ്റൻ വിബിൻ മോഹനൻ ഒരൊറ്റ ടച്ചിൽ പന്ത് വലയിലെത്തിച്ചു. സീസണിലെ ആദ്യ ഗോൾ! ആ ഗോളോടെ കളി ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലായി. ആദ്യ പകുതിയിൽ വിബിനും ഫ്രെഡിയും നടത്തിയ മികച്ച പ്രകടനവും സെക്കൻഡ് ബോളുകൾ വീണ്ടെടുക്കാനുള്ള ആവേശവും ബ്ലാസ്റ്റേഴ്സിന് വ്യക്തമായ മുൻതൂക്കം നൽകി.
രണ്ടാം പകുതിയിൽ പതറിയ ബ്ലാസ്റ്റേഴ്സ്
രണ്ടാം പകുതിയിൽ കോച്ച് വെസ്റ്റ്‌വുഡ് നിർണായക മാറ്റങ്ങൾ വരുത്തി. പുതുതായി എത്തിയ വിദേശ സ്ട്രൈക്കർ മോമോ യാൻസാനെ, മലയാളി താരങ്ങളായ മുഹമ്മദ് സനാൻ, എബിൻദാസ് എന്നിവർ കളത്തിലിറങ്ങി. എന്നാൽ 65-ാം മിനിറ്റ് കഴിഞ്ഞതോടെ കളിയുടെ നിയന്ത്രണം ഇന്റർ കാശിയുടെ കൈകളിലായി.
ഒരു വിദേശ താരം പോലുമില്ലാതെ, ഇന്ത്യൻ താരങ്ങളെ മാത്രം അണിനിരത്തി, വെറും രണ്ട് ട്രെയിനിംഗ് സെഷനുകൾ മാത്രം നടത്തി കളത്തിലിറങ്ങിയ ഇന്റർ കാശി ബ്ലാസ്റ്റേഴ്സിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് അവർ നിരന്തരം പന്തുകളെത്തിച്ചു. പ്രത്യേകിച്ച് ആയുഷ് ചിക്കാറ ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് ഡിഫൻഡർമാരെ നിഷ്പ്രഭരാക്കി തൊടുത്ത ഷോട്ട് തലനാരിഴയ്ക്കാണ് പുറത്തേക്ക് പോയത്. അവസാന മിനിറ്റുകളിൽ കളി കൈവിട്ടുപോകുന്ന ബ്ലാസ്റ്റേഴ്സ് ശൈലി ഇക്കുറിയും ആവർത്തിക്കുമോ എന്ന് ഗാലറി ഭയന്നു.
രക്ഷകനായി ആന്ദ്രേ ഗ്രീൻ
ഇന്റർ കാശി സമനിലയ്ക്കായി ആഞ്ഞുശ്രമിക്കവെയാണ് ബ്ലാസ്റ്റേഴ്സിന് കൗണ്ടർ അറ്റാക്ക് ലഭിക്കുന്നത്. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് സനാൻ നൽകിയ പാസ് ഇന്റർ കാശി ഡിഫെൻഡർ പ്രതീക് ചൗധരി ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും ചെന്നെത്തിയത് ആന്ദ്രേ ഗ്രീനിന്റെ കാലുകളിലേക്ക്. ഇത്തവണ ഗ്രീനിന് പിഴച്ചില്ല; ഗോൾകീപ്പർ ആൽബിനോ ഗോമസിനെ നിഷ്പ്രഭനാക്കി ഇടങ്കാലുകൊണ്ട് താരം പന്ത് വലയിലെത്തിച്ചു.
മത്സരത്തിലുടനീളം ആരാധകരെ നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു ഗ്രീനിന്റേത്. ഫസ്റ്റ് ടച്ചിലെ പാളിച്ചകളും സ്വയം എടുത്ത ഷോട്ടുകൾ ലക്ഷ്യം കാണാതെ പോയതും വലിയ വിമർശനങ്ങൾക്ക് വഴിവെക്കാനിരിക്കെയാണ് ആ ഗോൾ പിറന്നത്. ആ നിർണായക ഗോളോടെ ഗ്രീൻ ആരാധകരുടെ മനസ്സിൽ ഇടംപിടിക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു.
മുന്നറിയിപ്പുകൾ ബാക്കി
വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ചിന്തിക്കാൻ ഏറെയുണ്ട്. കാര്യമായ തയ്യാറെടുപ്പുകളില്ലാതെ എത്തിയ ഇന്റർ കാശിക്കെതിരെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് വല്ലാതെ വിയർത്തു. പന്ത് ഹോൾഡ് ചെയ്യാനോ കളി സ്ലോ ചെയ്യാനോ മിഡ്ഫീൽഡിന് കഴിഞ്ഞില്ല.
അടുത്ത പോരാട്ടം ഒക്ടോബർ 18-ന് ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്. ഡ്യൂറൻഡ് കപ്പ് കിരീടവും മികച്ച പ്രീ-സീസണുമായി നിൽക്കുന്ന കരുത്തുറ്റ നോർത്ത് ഈസ്റ്റിനെതിരെ ഈ പിഴവുകൾ ആവർത്തിച്ചാൽ വലിയ വില നൽകേണ്ടി വരും. എങ്കിലും തുടർച്ചയായ ട്രെയിനിംഗിലൂടെ ടീം ഒത്തിണങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.