രാജിയുമില്ല മാപ്പുമില്ലെന്ന് ടെബാസ്; ക്ലാസിക്കോയ്ക്ക് മുമ്പ് ലാ ലിഗയിൽ പൊട്ടിത്തെറി

Update: 2026-10-22 14:22 GMT

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ആശയവിനിമയ രീതിയെ നാസി പ്രചാരണ മന്ത്രി ജോസഫ് ഗീബൽസിന്റെ തന്ത്രങ്ങളോട് ഉപമിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. രാജി ആവശ്യപ്പെട്ട റയലിന് ശക്തമായ മറുപടി നൽകിയ അദ്ദേഹം, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും താൻ ആരെയും നാസിയെന്ന് വിളിച്ചിട്ടില്ലെന്നും തുറന്നടിച്ചു.

റയലിന്റെ സ്വന്തം ടെലിവിഷൻ ചാനലിനെ വിമർശിക്കുന്നതിനിടെയായിരുന്നു ടെബാസിന്റെ വിവാദ ഉപമ. ഇതോടെ ക്ലബ്ബ് നേതൃത്വം രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ടെബാസ് ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് റയൽ പ്രസ്താവനയും പുറത്തിറക്കി. എന്നാൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് ലാ ലിഗ മേധാവി. ഫ്രഞ്ച് മാധ്യമമായ ലെക്വിപ്പിനോട് സംസാരിക്കവെ, താൻ പറഞ്ഞത് സംപ്രേഷണ തന്ത്രങ്ങളെക്കുറിച്ച് മാത്രമാണെന്നും ആരുടെയും രാഷ്ട്രീയ ആശയങ്ങളെ ചൂണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഞാൻ ആരെയും നാസിയെന്ന് വിളിച്ചിട്ടില്ല, തീർച്ചയായും. ഞാൻ സംസാരിച്ചത് ഒരു ആശയവിനിമയ തന്ത്രത്തെക്കുറിച്ചാണ്. അതിന്റെ പേരിൽ എന്നെ എന്തിന് വിചാരണ ചെയ്യുന്നുവെന്ന് മനസ്സിലാകുന്നില്ല," ടെബാസ് പറഞ്ഞു.

Advertising
Advertising

വിവാദം സർക്കാർ ഇടപെടലിലേക്ക് വരെ നീളുമോ എന്ന ചോദ്യവും ഇതിനിടെ ഉയർന്നു. സ്പെയിനിലെ ഹയർ സ്പോർട്സ് കൗൺസിൽ നടപടിയെടുക്കുമെന്ന ഭയമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത്തരമൊരു ശിക്ഷ സാധ്യമല്ലെന്നായിരുന്നു ടെബാസിന്റെ മറുപടി. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടാൽ രാജ്യത്ത് ഇരട്ടനീതി ഉണ്ടെന്ന് വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "അങ്ങനെയൊന്ന് കേട്ടുകേൾവിയില്ലാത്തതാണ്. അപ്പോൾ ഒന്നാം തരം പൗരന്മാരും രണ്ടാം തരം പൗരന്മാരും ഉണ്ടെന്നാണോ?" എന്നും അദ്ദേഹം ചോദിച്ചു.

ഞായറാഴ്ച ബാഴ്സലോണയ്ക്കെതിരെ റയൽ എൽ ക്ലാസിക്കോയ്ക്ക് ഇറങ്ങാനിരിക്കെയാണ് വാക്പോര് മുറുകുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ ഇനി ഈ മത്സരത്തിലേക്കാണ്.

Tags:    

Writer - മുഹമ്മദ് ഷഹീം പി.കെ

contributor

Editor - മുഹമ്മദ് ഷഹീം പി.കെ

contributor

By - Sports Desk

contributor

Similar News