ബ്രൂണോയ്ക്ക് പണികൊടുത്ത് കാരിക്ക്; യുനൈറ്റഡ് നായകൻ പുറത്ത്!
മാഞ്ചസ്റ്റർ യുനൈറ്റഡിൽ വൻ അഴിച്ചുപണി. ബോൺമൗത്തിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ നായകൻ ബ്രൂണോ ഫെർണാണ്ടസിനെ ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കി പരിശീലകൻ മൈക്ക്ൾ കാരിക്ക്. ചാമ്പ്യൻസ് ലീഗിൽ കോമോയോട് 4-1ന് തോറ്റതിന് പിന്നാലെ ടീമിന്റെ തന്ത്രങ്ങളെയും കാരിക്കിന്റെ തീരുമാനങ്ങളെയും ബ്രൂണോ പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ ബെഞ്ചിലിരുത്തിയത്. തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതൊരു 'ഫുട്ബോൾ സംബന്ധമായ തീരുമാനം' മാത്രമാണെന്നായിരുന്നു കാരിക്കിന്റെ പ്രതികരണം. ബ്രൂണോയ്ക്ക് പകരം ഹാരി മഗ്വയർ ക്യാപ്റ്റൻ ചുമതലയേറ്റപ്പോൾ മേസൺ മൗണ്ടിനും യൂറി ടൈലമാൻസിനുമാണ് പ്ലേമേക്കിങ്ങിന്റെ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്.
ബ്രൂണോയ്ക്ക് പുറമെ കുന്യയും ലിസാൻഡ്രോ മാർട്ടിനസും ബെഞ്ചിലാണ്. പരിക്കിൽനിന്ന് പൂർണമായി മുക്തനാകാത്തതിനാലാണ് മാർട്ടിനസിനെ ഒഴിവാക്കിയതെന്ന് കാരിക്ക് വ്യക്തമാക്കി. എല്ലാ മത്സരങ്ങളിലുമായി തുടർച്ചയായ ഏഴ് മത്സരങ്ങളിൽ വിജയിക്കാനാകാതെ നിൽക്കുന്ന യുനൈറ്റഡിന് ബോൺമൗത്തിനെതിരായ പോരാട്ടം നിർണായകമാണ്. ബ്രൂണോ ആദ്യ ഇലവനിലില്ലാത്ത അവസാന പത്ത് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുനൈറ്റഡ് ജയിച്ചത്. കോമോയ്ക്കെതിരായ തോൽവി നിരാശപ്പെടുത്തിയെന്നും ആരാധകർ അർഹിക്കുന്ന പ്രകടനം ഇനി പുറത്തെടുക്കണമെന്നും കാരിക്ക് മത്സരത്തിന് മുന്നോടിയായി വ്യക്തമാക്കി