എൽ ക്ലാസിക്കോയ്ക്ക് ബാഴ്സയെക്കാൾ 24 മണിക്കൂർ കുറവ് വിശ്രമമെന്ന് മൗറീഞ്ഞോ

Update: 2026-10-22 13:27 GMT

മാഡ്രിഡ്: ബാഴ്സലോണയ്‌ക്കെതിരായ എൽ ക്ലാസിക്കോയ്ക്ക് മുമ്പ് തങ്ങൾക്ക് എതിരാളികളെക്കാൾ 24 മണിക്കൂർ കുറവ് വിശ്രമമേ ലഭിച്ചുള്ളൂവെന്ന് റയൽ മാഡ്രിഡ് പരിശീലകൻ ജോസെ മൗറീഞ്ഞോ. ചാമ്പ്യൻസ് ലീഗിൽ ലെപ്സിഗിനെ 4-1ന് തകർത്തതിന് പിന്നാലെയായിരുന്നു പരിശീലകന്റെ പ്രതികരണം. ഞായറാഴ്ച ക്യാമ്പ് നൗവിലാണ് ക്ലാസിക്കോ.

ബുധനാഴ്ച രാത്രിയാണ് റയൽ ലെപ്സിഗിനെ നേരിട്ടത്. ഒരു ദിവസം മുമ്പ്, ചൊവ്വാഴ്ച പി.എസ്.ജിക്കെതിരെ ഇറങ്ങിയ ബാഴ്സ 4-2ന് തോൽവി വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ക്ലാസിക്കോയ്ക്ക് മുന്നോടിയായി ബാഴ്സക്ക് ഒരു ദിവസം അധികം വിശ്രമം കിട്ടും.

Advertising
Advertising

ലെപ്സിഗിനെതിരായ വമ്പൻ ജയം ക്ലാസിക്കോയ്ക്ക് മുമ്പ് ടീമിന് ആത്മവിശ്വാസം നൽകുമോ എന്ന ചോദ്യത്തിന് മൗറീഞ്ഞോയുടെ മറുപടി ഇങ്ങനെയായിരുന്നു: "ക്ലാസിക്കോയിൽ അമിത ആത്മവിശ്വാസത്തിന് സ്ഥാനമില്ല. ലീഗിലെ മറ്റൊരു മത്സരം മാത്രമാണിത്, പക്ഷേ മറ്റൊന്നിനോടും താരതമ്യം ചെയ്യാനാകാത്ത മത്സരം കൂടിയാണ്. ഞങ്ങൾ മുന്നോട്ടു പോവുകയാണ്. ഇപ്പോൾ 24 മണിക്കൂർ വിശ്രമം കുറവാണ് ഞങ്ങൾക്ക്, എങ്കിലും ഞങ്ങൾ മുന്നേറും."

ലാ ലിഗയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് റയൽ. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാൾ ആറ് പോയിന്റ് പിറകിലാണ് ടീം.

ലെപ്സിഗിനെതിരായ പ്രകടനത്തിൽ തൃപ്തനാണെങ്കിലും ടീം ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നാണ് മൊറീഞ്ഞോയുടെ നിലപാട്. പ്രത്യേകിച്ച് പ്രതിരോധത്തിൽ. എല്ലാ ടൂർണമെന്റുകളിലുമായി ആദ്യ 12 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് റയലിന് ഗോൾ വഴങ്ങാതിരിക്കാനായത്.

മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു: "ഒന്നും ഞാൻ ആഗ്രഹിക്കുന്ന നിലയിലെത്തിയിട്ടില്ല. എപ്പോഴും കൂടുതൽ മെച്ചപ്പെടാനാണ് എന്റെ ശ്രമം. ഞാൻ ഇവിടെയെത്തിയിട്ട് നൂറിലേറെ ദിവസമായി. ഞാൻ ആഗ്രഹിക്കുന്ന നിലയിൽ ടീം എത്തിയിട്ടില്ല എന്നത് ശരിയാണ്. എങ്കിലും മുമ്പത്തേക്കാൾ നന്നായിട്ടുണ്ട് കാര്യങ്ങൾ."

ലെപ്സിഗിനെതിരെ വഴങ്ങിയ ഗോൾ തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും ഗോൾകീപ്പറുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചാൽ അത് നിരാശാജനകമാണെന്നും മൊറീഞ്ഞോ പറഞ്ഞു. തിബോ കോർട്ടോ രണ്ട് മികച്ച സേവുകൾ നടത്തിയതാണ് മത്സരം റയലിന് അനുകൂലമായി നിലനിർത്തിയത്. ഗോളടിക്കുന്നത് സ്ട്രൈക്കർക്ക് ഇഷ്ടമുള്ളത് പോലെ, ഗോൾ വഴങ്ങാതെ വീട്ടിലേക്ക് മടങ്ങുന്നത് ഗോൾകീപ്പർക്കും ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെവിയ്യക്കെതിരായ 4-1 ജയത്തിലും ലെപ്സിഗിനെതിരെയും വഴങ്ങിയ ഗോളുകൾ അമിത ആത്മവിശ്വാസത്തിൽ നിന്നുണ്ടായതാണെന്നാണ് മൊറീഞ്ഞോയുടെ വിലയിരുത്തൽ. മത്സരം ജയിച്ചുകഴിഞ്ഞെന്ന് ആരെങ്കിലും കരുതിയതിന്റെ ഫലമാണ് ആ ഗോളുകളെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - മുഹമ്മദ് ഷഹീം പി.കെ

contributor

Editor - മുഹമ്മദ് ഷഹീം പി.കെ

contributor

By - Sports Desk

contributor

Similar News